'സെക്കൻ്റുകൾക്കുള്ളിൽ അഭിപ്രായം മാറും, ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര': എം വി ഗോവിന്ദൻ

വള്ളംകളി വിവാദത്തിലും കരിമണ്‍ വിഷയത്തിലും പി എം ശ്രീയിലും വീര്യം കുറഞ്ഞ മദ്യനയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളാണെന്നും പ്രതിപക്ഷത്തുനിന്ന് അധികാരത്തിലെത്തിയപ്പോള്‍ നിലപാടുകള്‍ മാറ്റിയെന്നും എം വി ഗോവിന്ദന്‍

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വി ഡി സതീശന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകള്‍ ചൂണ്ടികാണിച്ചായിരുന്നു പ്രതികരണം. വള്ളംകളി വിവാദത്തിലും കരിമണല്‍ വിഷയത്തിലും പി എം ശ്രീയിലും വീര്യം കുറഞ്ഞ മദ്യനയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളാണെന്നും പ്രതിപക്ഷത്തുനിന്ന് അധികാരത്തിലെത്തിയപ്പോള്‍ നിലപാടുകള്‍ മാറ്റിയെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് സ്വഭാവം വ്യക്തമാക്കുന്നതാണെന്നും അദേഹം കുറ്റപ്പെടുത്തി.

റെജി ചെറിയാന് നല്‍കിയ സതീശന്റെ മറുപടിയിലൂടെ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളം കണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.കൂടാതെ പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ പി എം ശ്രീ പദ്ധതിയെ എതിര്‍ത്ത വി ഡി സതീശന്‍ അധികാരം കിട്ടിയ ഉടന്‍ തന്നെ പദ്ധതിയുമായി മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം ചോദിക്കുക മാത്രമാണ് എക്‌സൈസ് മന്ത്രി ആയിരുന്ന സമയത്ത് ചെയ്തതെന്നും അത് ഇന്നലെ പുറത്ത് വന്ന കത്തിലൂടെ വ്യക്തമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ചില മാധ്യമങ്ങള്‍ എങ്കിലും അത് റിപ്പോര്‍ട്ട് ചെയ്തു, അതില്‍ സന്തോഷമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആ ഫയല്‍ പിന്നീട് അനങ്ങിയിട്ടില്ല. മുന്‍ സര്‍ക്കാര്‍ പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല. മൂന്ന് വര്‍ഷവും അഞ്ച് മാസവും ചര്‍ച്ച ചെയ്യാതെ പോയ വിഷയമാണ് ഇപ്പോള്‍ വി ഡി സതീശന്‍ മൂന്ന് ദിവസം കൊണ്ട് തീര്‍പ്പാക്കിയതെന്നും അദേഹം കൂട്ടിച്ചേർത്തു.

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറവ് അനുവദിച്ചത് കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചന പോലും നടത്താതെയാണ്. വി എം സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി എതിര്‍പ്പ് അറിയിച്ച വിഷയമാണ്. വിഷയം വിവാദമായപ്പോള്‍ പുക മറ സൃഷ്ടിക്കാന്‍ പഴയ കത്ത് കൊണ്ട് വന്നു. അതില്‍ ഞാന്‍ ആവശ്യപ്പെട്ടത് വീര്യം കുറഞ്ഞ മദ്യത്തിന് നിര്‍വചനം വേണമെന്നാണ്. ഇടതുപക്ഷ നിലപാട് കശുമാങ്ങ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുക എന്നതായിരുന്നു. ഫെനി മാതൃകയാണ് അന്ന് പരിഗണനയില്‍ വെച്ചത്. ഇതാണ് ഇപ്പോള്‍ പുക മറ സൃഷ്ടിക്കാനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. വിഷയത്തില്‍ ഫിനാന്‍സ് ബില്ല് പാസായി കഴിഞ്ഞിട്ട് യുഡിഎഫ് ചര്‍ച്ച ചെയ്തിട്ട് ഒരുകാര്യവുമില്ല'; എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

Content Highlights : CPI(M) state secretary MV Govindan has criticized VD Satheesan, alleging that frequently changes his position on key political issues

To advertise here,contact us