സിസേറിയനെ തുടർന്ന് യുവതിയുടെ വയറ്റില്‍ അണുബാധ, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. സിസേറിയനെ തുടർന്ന് യുവതിയുടെ വയറ്റില്‍ അണുബാധ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഫാലോപ്യന്‍ ട്യൂബില്‍ അണുബാധ കണ്ടെത്തിയത്. സിസേറിയന് പിന്നാലെ യുവതിക്ക് വയറ്റില്‍ കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. അഞ്ച് മാസമായി കടുത്ത വേദനയില്‍ കഴിയുകയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ സജിത.

ജനുവരി 28നായിരുന്നു സജിതയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഫെബ്രുവരി ആറിന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. രണ്ട് ദിവസത്തിന് ശേഷം കടുത്ത പനിയും വേദനയും അനുഭവപ്പെട്ടുവെന്നാണ് സജിത റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ഒന്‍പതാം തീയതി ആശുപ്രത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷവും കടുത്ത വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കാനിങ് ചെയ്തു. സ്‌കാനിങ് റിപ്പോര്‍ട്ടുമായി വീണ്ടും നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍ രേണുകയെ കണ്ടു. സ്‌കാനിങില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. വെള്ളം കുടിക്കാത്തതിനാല്‍ യൂറിനറി ഇന്‍ഫെക്ഷനായതായിരിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ ഇതിന് മരുന്ന് നല്‍കിയിരുന്നുവെന്നും സജിത പറഞ്ഞു. വേദന മാറാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ ചികിത്സ തേടിയതായി സജിതയുടെ ഭര്‍ത്താവും പറഞ്ഞു. അവിടെവെച്ച് എംആര്‍ഐ സ്‌കാനിങ് നടത്തി. അതിലാണ് അണുബാധ കണ്ടെത്തിയത്. ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായ ഒരു പിഴവാകാം ഇതെന്നാണ് ജൂബിലി ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു.

സജിതയുടെ തുടര്‍ ചികിത്സയ്ക്കായി ഇതിനോടകം രണ്ട് ലക്ഷത്തിന് മുകളില്‍ ചെലവായി. എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സജിതയ്ക്ക് ഇനിയും സര്‍ജറി ആവശ്യമുണ്ട്. അണുബാധ മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നുപിടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ് സജിത. പ്രസവത്തിന് പിന്നാലെ കിടക്കയില്‍ ആയ സജിതയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.

Content Highlights- A complaint alleging medical negligence has been filed after a woman reportedly developed an infection following a cesarean section

To advertise here,contact us