കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. നികുതി കുറച്ചാല്‍ വലിയ രീതിയില്‍ മദ്യ വ്യാപനത്തിന് കാരണമാകും. മദ്യ മുതലാളിമാര്‍ക്ക് വലിയ തോതില്‍ പണമുണ്ടാക്കുന്നതിന് കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം തൃപ്തികരമല്ല. മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും ടി പി രാമകൃഷ്ണന് ആരോപിച്ചു.
സിഎംആര്‍എൽ-എക്സാലോജിക് കേസ് രണ്ട് കമ്പനികള്‍ തമ്മിലുള്ള പ്രശ്നമാണെന്നും അത് അവര്‍ തന്നെ പരിഹരിക്കട്ടെയെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. അന്വേഷണത്തില്‍ എതിര്‍പ്പില്ല. ആ കേസ് സിപിഐഎമ്മിനെതിരെ ഉപയോഗിക്കുന്നതിനെതിരെയാണ് വിമര്‍ശനം. ഇതില്‍ എങ്ങനെ പ്രതിഷേധിക്കുമെന്ന് നേരത്തെ കണ്ടതല്ലേയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
എല്‍ഡിഎഫ് കണ്‍വീനറെ മാറ്റുന്ന കാര്യം തനിക്കറിയില്ല. താന്‍ ഇപ്പോഴും കണ്‍വീനറാണ്. പാര്‍ട്ടി തീരുമാനത്തിന് അനുസരിച്ചാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നതെന്നും ടി പി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പനയിൽ മലക്കം മറിയുന്ന നിലപാടാണ് ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിച്ചത്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയത്. മദ്യ നികുതി നിശ്ചയിച്ചതിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു.
പിണറായി സർക്കാറിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. മദ്യനികുതി നിശ്ചയിച്ചതിൽ പ്രതിപക്ഷമുയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. മദ്യം ഒഴുക്കിയ സർക്കാറിന്റെ പ്രതിനിധികളാണ് ഉപദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.
Content Highlights: TP Ramakrishnan Says Tax Relief for Low-Alcohol Liquor Meant to Benefit Liquor Lobby