തിരുവനന്തപുരം: മദ്യ നികുതി കുറച്ചതില്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ വിമര്‍ശനമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ധൃതിപിടിച്ചെടുത്ത തീരുമാനമാണ് അതെന്നും ആ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
'മദ്യനികുതിയില്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് ഒരു തീരുമാനത്തിലെത്തുകയാണ് ചെയ്തത്. അതിന്റെ പിന്നില്‍ എന്താണ് എന്ന് വ്യക്തമാണ്. ആ കാര്യമാണ് അസംബ്ലിയില്‍ ചര്‍ച്ച ചെയ്തത്. അതാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെ ചൂണ്ടിക്കാണിച്ചത്. കേരളം മുഴുവന്‍ അത് മനസിലാക്കിയിട്ടുണ്ട്. ധൃതിപിടിച്ച് മദ്യനികുതി കുറയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ വിമര്‍ശനമുണ്ട്. വിഎം സുധീരനുള്‍പ്പെടെ ചൂണ്ടിക്കാണിച്ചത് അതാണ്': എം വി ഗോവിന്ദന് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാന്‍ യുഡിഎഫ് പിന്തുണ നല്‍കുകയാണെന്നും അതിന്റെ ഭാഗമായാണ് ആര്‍എസ്എസ് മേധാവി പങ്കെടുത്ത പരിപാടിയില്‍ വിസിമാര്‍ വന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസോ മുഖ്യമന്ത്രിയോ വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നില്ലെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. ഇന്ദിരാ ഗാന്ധിയാണ് എഫ്സിആര്എയില് ആദ്യം നിയമനിര്‍മ്മാണം നടത്തിയതെന്നും ബിജെപി സര്‍ക്കാര്‍ അത് പിന്നീട് കര്‍ശനമാക്കുകയായിരുന്നുവെന്നും എംവി ഗോവിന്ദന് ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നടപടിയെന്നും എഫ്സിആര്‍എ ഭേദഗതിയെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: M V Govindan lashed out at the UDF government over the low-alcohol beverage tax cut, stating that even leaders within the Congress are criticizing the hasty decision.