ഡല്‍ഹി: ആദ്യമായി എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വര്‍ഷത്തിന് ശേഷമാണ് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിന്റെ പാഠപുസ്തകത്തിലാണ് അടിയന്തരവാസ്ഥ ഉള്‍പ്പെടുത്തിയത്. 'Understanding Society : India and Beyond' എന്ന പാഠഭാഗത്താണ് അടിയന്തരാവസ്ഥയുടെ ഭാഗവുമുള്ളത്. ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് എന്നാണ് അടിയന്തരവാസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.
'1975-77 കാലയളവില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികളില്‍ ഒന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1970കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനോടുള്ള പൊതു എതിര്‍പ്പ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു, പണപ്പെരുപ്പം, ദുര്‍ഭരണമെന്ന ആരോപണവുമുണ്ടായി. 1975 ജൂണില്‍ ആഭ്യന്തര കലാപത്തിന്റെ പേരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ നിരവധി മൗലികാവകാശങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു, മാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു, നിരവധി രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദത്തിലായി, പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു', പാഠഭാഗത്ത് പറഞ്ഞു.
അടിയന്തരാവസ്ഥയെ എതിര്‍ത്ത ജയപ്രകാശ് നാരായണനെക്കുറിച്ച് പാഠഭാഗത്ത് ഊന്നിപ്പറയുന്നുണ്ട്. ബിഹാറിലും ഗുജറാത്തിലും വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും ചേര്‍ത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും പറയുന്നു. അതേസമയം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
'ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥാ കാലത്തെ അചഞ്ചലമായി പ്രതിരോധിച്ച എല്ലാവര്ക്കും ആദരാഞ്ജലി അറിയിക്കുന്നു. ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമായിരുന്നു അടിയന്തരാവസ്ഥ. പൗരസ്വാതന്ത്ര്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം, രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും അറസ്റ്റ്, ഇതെല്ലാം നാം സാക്ഷ്യം വഹിച്ചതാണ്', പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: NCERT has included detailed content on the Emergency period in its textbooks for the first time