തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
പാര്‍ട്ടിയില്‍ ധാരണയായതിന് ശേഷം യുഡിഎഫില്‍ ചര്‍ച്ച മതിയെന്നും നിര്‍ദ്ദേശമുണ്ട്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നും ഇവര്‍ പറയുന്നു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിലും എതിര്‍പ്പുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പനയിൽ മലക്കം മറിയുന്ന നിലപാടാണ് ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിച്ചത്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയത്. മദ്യ നികുതി നിശ്ചയിച്ചതിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു.
പിണറായി സർക്കാറിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. മദ്യനികുതി നിശ്ചയിച്ചതിൽ പ്രതിപക്ഷമുയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. മദ്യം ഒഴുക്കിയ സർക്കാറിന്റെ പ്രതിനിധികളാണ് ഉപദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
അതേസമയം, കേരളത്തിൽ ഏത് മദ്യം വിൽക്കണമെങ്കിലും എക്സൈസ് അനുമതി ആവശ്യമാണെന്ന് മന്ത്രി എം ലിജു പറഞ്ഞു. മദ്യനയത്തിൽ മുന്നണിയാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ജൂലൈ ഒന്നിനാണ് ധന ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത്. അതിനുമുമ്പ് മദ്യനികുതി മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് നീക്കം
Content Highlights: Senior Congress Leaders Seek Party Discussion on Sale of Low-Alcohol Liquor