'കരിമണലില്‍ യൂ ടേണ്‍ ഇല്ല, ഒന്നും സ്വകാര്യവല്‍ക്കരിക്കില്ല'; നയം വ്യക്തമാക്കി മുഖ്യമന്ത്രി

ബജറ്റില്‍ ഇല്ലാത്ത കാര്യങ്ങളാണ് പുറത്തേ ചര്‍ച്ചയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. ഒന്നും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ബജറ്റില്‍ ഒരിടത്തും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. ബജറ്റില്‍ ഇല്ലാത്ത കാര്യങ്ങളാണ് പുറത്തേ ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കരിമണല്‍ ഖനനത്തിലെ ആരോപണങ്ങളിലും വി ഡി സതീശന്‍ മറുപടി നല്‍കി. കരിമണല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നുവെന്ന് എവിടെയാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബജറ്റ് പ്രസംഗം വീണ്ടും വായിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 'ഇതില്‍ എവിടെയാണ് സ്വകാര്യവല്‍ക്കരണം. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു. യു ടേണ്‍ എടുക്കില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രവും കേരളവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്', മുഖ്യമന്ത്രി പറഞ്ഞു.

ഭാവി കേരളത്തെ കെട്ടിപ്പടുത്താനാണ് പല പദ്ധതികളും രൂപീകരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശ്രദ്ധേയമായ തുടക്കങ്ങള്‍ തങ്ങള്‍ക്കുണ്ടായെന്ന് വി ഡി സതീശന്‍ പറഞ്ഞു. ധവളപത്രം രാഷ്ട്രീയ വിമര്‍ശനം അല്ലെന്നും ആധികാരികമായ വിവരങ്ങളാണ് അതിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ലോകം മാറുന്നതിനനുസരിച്ച് കേരളത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്. കേരളത്തിന്റെ സാധ്യത പരിശോധിച്ചാണ് ബജറ്റ് തയ്യാറാക്കിയത്. കേരളത്തിന് ദിശാബോധം നല്‍കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. നടപ്പാക്കാന്‍ കഴിയും എന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ബജറ്റില്‍ ഉള്ളത്. നികുതി വരുമാനത്തിന്റെ 77 ശതമാനവും സാലറി, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി പോവുകയാണ് ബാക്കി 23% വെച്ച് വേണം വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍', മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ തലയില്‍ നികുതി ഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. തങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്നും അതിനുള്ള ആത്മവിശ്വാസം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.

കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി നല്‍കാതെ സപ്ലൈകോയെ സ്വയം പര്യാപ്തമാക്കും. കെഎസ്ആര്‍ടിസിയും സപ്ലൈകോയും അടച്ചു പൂട്ടില്ല. കെഎസ്ഇബിയെ ലാഭത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ലാഭത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ കോടികളാണ് ഇപ്പോള്‍ കെഎസ്ഇബിയുടെ നഷ്ടമെന്നും വി ഡി സതീശന്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ് കൂട്ടി പാവപ്പെട്ടവന്റെ തലയില്‍ വയ്ക്കുക എന്നതല്ല സര്‍ക്കാര്‍ നയമെന്നും അല്ലാതെ തന്നെ ലാഭത്തില്‍ ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും സ്വകാര്യ നിക്ഷേപം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് പ്രവാസികളുടെ പങ്കാളിത്തമാണ്. സാധാരണക്കാരായ പ്രവാസികളെ കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കും. പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവരുന്നാല്‍ കഷ്ടപ്പെടുന്നവരാണ് പലരും. അവരുടെ ജീവിതം സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിക്ഷേപകര്‍ സങ്കടത്തോടെ തിരിച്ചു പോകേണ്ടി വരില്ല. പ്രോജക്ട് നടപ്പിലാക്കാന്‍ പ്രോട്ടോകോള്‍ വരും. നയാ പൈസയുടെ നികുതി ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല', മുഖ്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ കമ്പനിയുടെ കടം 17,175 കോടി രൂപയാണെന്നും ഈ സര്‍ക്കാറിന്റെ തലയിലാണ് ആ കടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 16 മാസത്തെ ബാധ്യത തീര്‍ക്കേണ്ടത് ഈ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ പദ്ധതിയിലും മുഖ്യമന്ത്രി നയം വ്യക്തമാക്കി. മരവിപ്പിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.

എന്നാല്‍ പി എം ശ്രീ നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. നടപ്പലാക്കേണ്ടതില്ല എന്നത് നയപരമായ തീരുമാനമാണെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 'പി എം ശ്രീ കരാറില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവച്ചു. മറ്റു ഫണ്ടുകള്‍ വാങ്ങാനാണ് ഒപ്പുവച്ചത്. ആ ശ്രമം ശരിയല്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടാണ് പിന്നോട്ട് പോയത്. അത് നടപ്പിലാക്കാന്‍ നിങ്ങള്‍ വീണ്ടും ശ്രമിക്കുന്നത് എന്തിനാണ്', പിണറായി വിജയന്‍ ചോദിച്ചു.

എന്നാല്‍ എന്തിനാണ് ഒപ്പുവച്ചതെന്ന ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ വച്ച മന്ത്രിസഭാ ഉപസമിതി എന്തുകൊണ്ട് യോഗം പോലും ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'നടപ്പിലാക്കാന്‍ ഇല്ല എന്ന് പറഞ്ഞ് തീരുമാനമെടുത്ത് കേന്ദ്രത്തെ അറിയിക്കാമായിരുന്നില്ലേ. ആര്‍എസ്എസിന്റെ മുമ്പില്‍ കീഴടങ്ങിയാണ് നിങ്ങള്‍ ഒപ്പുവെച്ചത്. പി എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല', വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: Chief Minister VD Satheesan has dismissed allegations of privatisation, asserting that the government has no plans to privatise public sector institutions or services

To advertise here,contact us