PMശ്രീ:സര്‍ക്കാരിന്റേത് ലജ്ജാകരമായ കീഴടങ്ങല്‍,ഒഴുക്കി കളയും എന്നുപറഞ്ഞവര്‍ എവിടെ;വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലായിട്ടില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പി എം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്‍ ഷംസുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രി അല്ലാത്ത സമയത്ത് പ്രസംഗിച്ചത് കേട്ടവരാണ് നമ്മളെന്നും എത്ര വീറോടെ സംസാരിച്ച ആളാണ് ഇപ്പോള്‍ മനസാക്ഷിക്കുത്തോടെയാണ് സംസാരിക്കുന്നതെന്നും പിണറായി വിജയന്‍ പരിഹസിച്ചു. അതിന്റെ വിഷമം പ്രസംഗത്തില്‍ ഉണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ ഷംസുദ്ദീന്റെ പ്രസംഗത്തിന് പിന്നാലെയായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം.

'ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റേത്. അധികാരത്തില്‍ വന്നാല്‍ ഒഴുക്കി കളയും എന്ന് പറഞ്ഞവര്‍ എവിടെപ്പോയി. എന്തൊക്കെ വീര വാദങ്ങള്‍ ആയിരുന്നു പറഞ്ഞു നടന്നിരുന്നത്. വെറുതെ വിളിച്ച് പറഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ല. മുന്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് വിഷമത്തിലായെന്നാണ് മന്ത്രി പറയുന്നത്. മുന്നോട്ടുപോക്ക് മാത്രമേ വഴിയുള്ളൂ എന്നാണ് മന്ത്രിയുടെ നിലപാട്', പിണറായി വിജയന്‍ പറഞ്ഞു.

2025 ഒക്ടോബര്‍ മാസം വന്നതാണ് ധാരണാപത്രമെന്നും ഇതേവരെ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്നത് വസ്തുതയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞതും കേരളത്തില്‍ പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്ന് തന്നെയാണല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്താലേ പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ. രഹസ്യമായി നടത്താനുള്ള കരുക്കള്‍ നീക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു.

'എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം മരവിപ്പിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഒപ്പിട്ട് 20 ദിവസത്തിനകം തീരുമാനമെടുത്തു. അത് അന്നത്തെ സര്‍ക്കാരിന്റെ നിലപാടാണ്. അത് മരവിച്ച് ഒന്നും മുന്നോട്ട് പോയില്ല. അത് വസ്തുതയാണ്. കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലായിട്ടില്ല. ഒപ്പിട്ട ധാരണാ പത്രത്തില്‍ നിന്ന് പിന്മാറാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പിലാവില്ല. തുടര്‍ച്ചയായി ചെയ്യേണ്ട കുറേ കാര്യങ്ങളുണ്ട്. സ്‌കൂളിന്റെ വിശദാംശങ്ങള്‍ പോര്‍ട്ടല്‍ വഴി കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണം. ഇതൊന്നും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളാണ് പി എം ശ്രീക്ക് വേണ്ടത്. അതിനുവേണ്ടി സ്‌കൂളുകളെ തെരഞ്ഞെടുത്തിട്ടില്ല', പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആര്‍എസ്എസ് അജണ്ടയ്ക്ക് മുന്നില്‍ കീഴടങ്ങുകയാണ് സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. വല്ലാത്തൊരു ഒത്തുകളി നടക്കുന്നു. എന്‍സിഇആര്‍ടി വെട്ടിയ ഗാന്ധിവധം അഡീഷണല്‍ പാഠപുസ്തകം ആക്കിയവരാണ് കഴിഞ്ഞസര്‍ക്കാരെന്നും പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Content Highlights: The Opposition Leader criticised the state government's stance on the PM SHRI scheme

To advertise here,contact us