കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കൽ; 'വിധി തിരിച്ചടിയല്ല, പരാതി നൽകിയവർ മറ്റ് പലതും കേട്ടില്ല': വി വി രാജേഷ്

അടുത്ത സത്യപ്രതിജ്ഞ എപ്പോള്‍ നടത്താനും സജ്ജമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് കൂട്ടിച്ചേർത്തു

തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് മേയര്‍ വി വി രാജേഷ്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റു പല ദൈവങ്ങളുടെ പേരിലും പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ പരാതിയുമായി പോയിട്ടില്ലെന്നും മേയർ പറഞ്ഞു. അടുത്ത സത്യപ്രതിജ്ഞ എപ്പോള്‍ നടത്താനും സജ്ജമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

'ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയല്ല. കോടതി ഒരു നിരീക്ഷണം നടത്തി വിധി പറഞ്ഞിരിക്കുന്നു. വിധി കൗണ്‍സിലര്‍മാര്‍ അനുസരിക്കും. മുന്‍പ് പലരും ഇങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ പരാതിയുമായി പോയിട്ടില്ല. കോടതി വിധികളെ എപ്പോഴും അനുസരിക്കുന്നവരാണ് ഞങ്ങള്‍. അതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. പരാതി നല്‍കിയവര്‍ മറ്റ് പലതും കേട്ടില്ല.ബഹുമാനപ്പെട്ട ഹൈക്കോടതി 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യണമെന്ന് പറഞ്ഞാലും ഞങ്ങള്‍ അനുസരിക്കും. ഭരണ സമിതി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും', വി വി രാജേഷ് പറഞ്ഞു.

വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കൗണ്‍സിലര്‍ സുഗതന്റെ സത്യപ്രതിജ്ഞയടക്കം നടക്കുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. നാലാഴ്ച സമയമുണ്ട്. കൗണ്‍സിലര്‍മാര്‍ അയോഗ്യരാണ് എന്ന് വിധിയിലില്ല. സത്യപ്രതിജ്ഞ വീണ്ടും നടത്തണം എന്ന് മാത്രമാണുള്ളത്. 29-ന് കൗണ്‍സില്‍ യോഗം ചേരും. മറ്റ് ചിലര്‍ കൂടി പല ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ വിധി 101 പേര്‍ക്കും ബാധകമാണ്.അവരുടെ കാര്യത്തില്‍ക്കൂടി നിയമവശം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയാണ് കൗണ്‍സിലര്‍മാര്‍ ചെയ്യേണ്ടതെന്നും അന്ന് അതല്ല നടന്നതെന്നും പരാതി നല്‍കിയ സിപിഐഎം നേതാവ് എസ് പി ദീപക് പറഞ്ഞു. ഇത് നിയമലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഗണഗീതം പാടിക്കൊണ്ടാണ് അന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മതവും വിശ്വാസവും ഓരോരുത്തരുടെയും സ്വകാര്യതയാണ്. പക്ഷെ അത് മാറ്റിവെച്ചുകൊണ്ട് ജാതിയും മതവും രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിച്ചു. 20 ദൈവങ്ങളെ പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ. ഇത് നിയമലംഘനമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയാണ് കൗണ്‍സിലര്‍മാര്‍ ചെയ്യേണ്ടത്. അത് തുടക്കത്തില്‍ തന്നെ ലംഘിച്ചു. കഴിഞ്ഞ ആറുമാസമായി ആര്‍എസ്എസിന്റെ ഒരുകാര്യാലയമായാണ് നഗരസഭയുടെ ഓഫീസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്', എസ് പി ദീപക് ആരോപിച്ചു.

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി, ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.

ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത നടപടി കേരള മുന്‍സിപ്പാലിറ്റി നിയം, 1994ന്റെ ലംഘനമാണെന്നും ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതുമെന്നായിരുന്നു പരാതി.

ബിജെപി കൗണ്‍സിലര്‍മാര്‍ 'ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍, ശ്രീകണ്‌ഠേശ്വരന്‍ അമ്മയപ്പന്‍ നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ ശാസ്താവിന്റ നാമത്തില്‍' എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

Content Highlights: Mayor VV Rajes Says High Court Order on BJP Councillors’ Oath Not a Setback

To advertise here,contact us