വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കില്ല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും മുഖ്യമന്ത്രി സംസാരിക്കും

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ നിന്ന് സർക്കാർ യു ടേണടിച്ചേക്കില്ല. ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. നികുതി നിശ്ചയിച്ച സാഹചര്യം സഭയില്‍ വിശദീകരിക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം.പാര്‍ട്ടിയിലും മുന്നണിയിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും മുഖ്യമന്ത്രി സംസാരിക്കും. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെങ്കില്‍ അഴിമതി ആരോപണം ശക്തമാക്കാനും സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിവാദം കനത്തതോടെ വിഷയത്തില്‍ യൂ ടേണിന് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍. വിഷയത്തിൽ പാര്‍ട്ടിയിലും മുന്നണിയിലും അസംതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി വേദിയില്‍ ചര്‍ച്ചചെയ്യാതെ തീരുമാനമെടുത്തതായായിരുന്നു ഉയർന്ന പരാതി. എക്സൈസ് മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയെന്നും മദ്യ നികുതി വിവാദത്തില്‍ പുനഃപരിശോധന വേണമെന്നുമായിരുന്നു നേതാക്കളുടെ അഭിപ്രായം. നേരത്തെ തന്നെ മദ്യത്തിന്റെ നികുതിയില്‍ തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രംഗത്തെത്തിയിരുന്നു.

ഇതെല്ലാം മുന്നിൽ നിൽക്കെയാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ നിന്ന് സർക്കാർ പിന്നോട്ട് പോയേക്കില്ല വിവരം വരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് 'ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്' എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

0.5% മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. 0.5- 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120%, 10-20% വരെ വീര്യമുളളവയ്ക്ക് 175% എന്നിങ്ങനെയാണ് നികുതി ഘടന. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്‍കേണ്ടിയിരുന്നതിനാല്‍ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല. പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു.

Content Highlights: Government Unlikely to Backtrack on Tax Decision for Low-Alcohol Liquor

To advertise here,contact us