പാലക്കാട്: മാത്തൂരില്‍ വേരാഗ്യത്തെത്തുടർന്ന് ആസിഡ് ആക്രമണം. മാത്തൂര്‍ കരിയങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കല്‍ വീട്ടില്‍ സതീഷ് കുമാറി(43)ന് ഗുരുതര പരിക്കേറ്റു. ഒളിവില്‍ പോയ പ്രതി ചേരിങ്കല്‍ വീട്ടില്‍ രമേശി(49)നെ കോട്ടായി പൊലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടി. ഞായറാഴ്ച കോട്ടായി ആനിക്കോട് വെച്ചായിരുന്നു സംഭവം.
സതീഷ് കുമാറും പ്രതിയുടെ സഹോദരൻ രതീഷും അടുത്ത സുഹൃത്തുക്കളാണ്. വീട്ടില്‍ അസുഖബാധിതനായി കഴിയുകയാണ് പ്രതിയുടെ സഹോദരന്. ഇയാളെ കാണാന്‍ വേണ്ടിയാണ് സതീഷ് വീട്ടിലെത്തിയത്. കണ്ട് തിരികെ മടങ്ങുന്നതിനിടെ രമേശ് സതീഷിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
സതീഷിന്റെ മുതുകിലും കഴുത്തിലുമാണ് ഗുരുതരമായ പരിക്കേറ്റത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ രമേശ് ഇവിടെ നിന്നും കടന്നുകളഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രിയാണ് പ്രതിയെ കോയമ്പത്തൂരില്‍ നിന്നും കോട്ടായി പൊലീസ് പിടികൂടിയത്.
രതീഷിന് എല്ലാ സഹായങ്ങളും ചെയ്യുന്നത് സതീഷാണ്. എന്നാൽ ഇവരുടെ വീട്ടിലുണ്ടായ പ്രശ്നത്തിൽ സതീഷ് ഇടപെടുകയും പിന്നീട് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്താലാണ് ആക്രമണത്തിന് മുതിർന്നതെന്നാണ് പൊലീസ് പറയുന്നത്. റബ്ബർ കൃഷി നടത്തുന്ന രമേശ് അവിടെ ഉപയോഗിക്കുന്ന ആസിഡാണ് സതീഷിന്റെ ദേഹത്ത് ഒഴിച്ചത്.
Content Highlights: Acid Attack Reported in Mathoor Following Personal Enmity