തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരന്. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് വി എം സുധീരന് ആവശ്യപ്പെട്ടു. വീണ്ടും അന്വേഷണാവശ്യം ഉയര്‍ന്നത് വെള്ളാപ്പള്ളിയെ പരിഭ്രാന്തനാക്കി. വെള്ളാപ്പള്ളിയുടെ പദപ്രയോഗങ്ങളും ശൈലിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് വി എം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു.
'വെള്ളാപ്പള്ളിയോട് വ്യക്തിവിരോധമില്ല. നിലപാടുകളിലും നയങ്ങളിലുമാണ് എതിര്‍പ്പ്. ശ്രീനാരായണ സന്ദേശങ്ങളോട് യോജിച്ച നിലപാടല്ല വെള്ളാപ്പള്ളിയുടേത്. എസ്എന്‍ഡിപി നേതൃത്വവും ശ്രീനാരായണഗുരുവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കെതിരായിട്ടാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. എന്നെ കെട്ട് കെട്ടിച്ചത് കൊണ്ടാണ് എനിക്ക് വെള്ളാപ്പള്ളിയോട് വിരോധം എന്ന് പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. വെള്ളാപ്പള്ളിയുടെ ഭാഷ കവല ചട്ടമ്പിയുടേതാണ്', വി എം സുധീരന് പറഞ്ഞു.
സ്വന്തം കാര്യം നേടിയെടുക്കാന്‍ പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നുവെന്നും മഹേശനോട് വെള്ളാപ്പള്ളി എടുത്തത് മനുഷ്യത്വരഹിതമായ ചൂഷണമാണെന്നും വി എം സുധീരന് കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളും കുറിച്ചു വെച്ചിട്ടാണ് മഹേശന് ആത്മഹത്യ ചെയ്തത്. സത്യസന്ധമായി അന്വേഷണം വന്നാല്‍ വെള്ളാപ്പള്ളിയുടെ സ്ഥിതി എവിടെയായിരിക്കുമെന്നും സുധീരന് ചോദിച്ചു.
'സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ഞാനും മഹേശന്റെ ഭാര്യയും പിണറായിക്ക് കത്ത് കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. സ്വന്തം താല്പര്യങ്ങളും നേട്ടങ്ങളും ധനശേഖരണവും മാത്രമാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. പിണറായിക്ക് സംഭവിച്ച ദുരന്തം വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ്. സത്യം പുറത്തുവരണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കണം', വി എം സുധീരന് പറഞ്ഞു.
Content Highlights: VM Sudheeran Launches Sharp Criticism Against SNDP General Secretary Vellappally Natesan