ഖത്തര്‍ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരില്‍ കോഴിക്കോട് സ്വദേശിയും

അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ് സൂപ്പര്‍ വൈസര്‍ തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുന്‍(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്. അറ്റകുറ്റ പ്രവൃത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.

അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ പാകിസ്താന്‍ സ്വദേശിയാണ്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ടാന്‍സാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 66 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തര്‍ എനര്‍ജി വ്യക്തമാക്കിയത്.

അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഖത്തര്‍ അധികൃതരുമായി ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചിരുന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഇന്ത്യന്‍ എംബസി, ബാധിക്കപ്പെട്ട എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് കനത്ത തകരാര്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകള്‍, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്ന അതീവ സങ്കീര്‍ണ്ണമായ 'കൂള്‍ഡൗണ്‍' ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന് കാരണമായത്.

അടിയന്തര രക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വന്‍ സ്‌ഫോടനമാണ് ഉണ്ടായതെങ്കിലും ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതിയെയും റാസ് ലഫാന്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയിലേക്കുള്ള വാതക വിതരണം തടസ്സമില്ലാതെ സാധാരണ നിലയില്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഖത്തര്‍ എനര്‍ജി ഉന്നതതല സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A native of Kozhikode is among those who lost their lives in the accident at a gas plant in Qatar

To advertise here,contact us