'ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതം'; സിഎജി റിപ്പോര്‍ട്ട് തള്ളി പിണറായി വിജയന്‍

സാമ്പത്തിക വര്‍ഷാവസാനം ചെലവഴിക്കാതെ കിടക്കുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റാറുണ്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി രൂപ വകമാറ്റിയെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക വര്‍ഷാവസാനം ചെലവഴിക്കാതെ കിടക്കുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റാറുണ്ടെന്നാണ് വിശദീകരണം. ഇങ്ങനെ മാറ്റുമ്പോള്‍ ഒരു പൈസ പോലും നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതമാണ്. മറ്റെന്തെങ്കിലും ആവശ്യത്തിനായി വക മാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നുമില്ല. ഉന്നത ഉദ്യോഗസ്ഥര്‍ തൃപ്തികരമായ മറുപടി നല്‍കിയിട്ടും സിഎജി വസ്തുതകള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുതാത്തത് എന്തോ സംഭവിച്ചു എന്ന പ്രതീതി സൃഷ്ടിക്കുകയാണെന്നും അതിന് റിപ്പോര്‍ട്ടിനെ മറയാക്കി രാഷ്ട്രീയപ്രേരിതമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി രൂപ വകമാറ്റിയെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയാണെന്നും റിപ്പോര്‍ട്ടിൽ പരാമര്‍ശിച്ചിരുന്നു. 39,230 കോടി രൂപയാണ് ഓഫ് ബജറ്റ് കടബാധ്യത. തീര്‍പ്പാക്കാത്ത കടബാധ്യത മാത്രം 3,511 കോടിയുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ടായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റിലെ പാളിച്ച ചൂണ്ടിക്കാട്ടിയായിരുന്നു സിഎജി റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി. റവന്യു വരവില്‍ 0.30 ശതമാനത്തിന്റെ മാത്രമാണ് വളര്‍ച്ച. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ട്. ചെലവില്‍ 8.97 ശതമാനം കൂടുതല്‍. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 262 കോടി രൂപ വകമാറ്റി എന്ന് സി & എ.ജി കണ്ടെത്തിയതായി ഒരു വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സി & എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഈ വാര്‍ത്തയ്ക്ക് ആധാരം.

റിപ്പോര്‍ട്ടിലെ നിഗമനങ്ങളില്‍, സ്റ്റേറ്റ് ട്രഷറി സേവിംഗ്സ് ബാങ്കില്‍ (എസ്.ടി.എസ്.ബി) നിന്നുള്ള തുകകള്‍ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്ന ഭാഗത്താണ് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം പിന്‍വലിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍, റിപ്പോര്‍ട്ടിന്റെ 139-ാം പേജില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

"2024-25 വര്‍ഷത്തില്‍ അഞ്ച് എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ കിടന്നിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി (സി.എം.ഡി.ആര്‍.എഫ്) ബന്ധപ്പെട്ട 262.06 കോടിയുടെ പൊതു സംഭാവനകള്‍ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തു. എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ കിടന്നിരുന്ന ഇത്തരത്തിലുള്ള സര്‍ക്കാരിതര ഫണ്ടുകള്‍ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തത് ക്രമരഹിതമാണ്."

അതേ ഭാഗത്ത് തന്നെ, എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ സാമ്പത്തിക വര്‍ഷാവസാനം വിനിയോഗിക്കാതെ കിടക്കുന്ന തുക പൊതു കണക്കിന്റെ വലുപ്പം കുറയ്ക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും തിരിച്ചെടുക്കാറുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

തിരിച്ചെടുത്ത സി.എം.ഡി.ആര്‍.എഫ് ഫണ്ടുകള്‍ അതാത് എസ്.ടി.എസ്.ബി അക്കൗണ്ടുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ വാരത്തില്‍ തന്നെ റീഅലോക്കേറ്റ് ചെയ്തുകൊടുത്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതില്‍ നിന്നും വസ്തുതകള്‍ വ്യക്തമാണ്. ഓരോ സാമ്പത്തിക വര്‍ഷാവസാനവും മാര്‍ച്ച് 31ന് സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങിയ സര്‍ക്കാരുമായി ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടുകളില്‍ ചെലവഴിക്കാതെ കിടക്കുന്ന തുക സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുന്ന ഒരു നടപടിക്രമം നിലവിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന സുതാര്യമായ ഒരു ക്രമീകരണമാണിത്. എന്നാല്‍, ഈ തുക പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ കാലതാമസമില്ലാതെ പഴയപടി ട്രഷറി അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യുകയാണ് പതിവ്.

സര്‍ക്കാരിന്റെ വകുപ്പുകളിലെയോ സ്ഥാപനങ്ങളിലെയോ ചെലവഴിക്കാതെ കിടക്കുന്ന പണം സാമ്പത്തിക വര്‍ഷാവസാനം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുകയും പിന്നീട് തിരിച്ചുനല്‍കുകയും ചെയ്യുന്നതില്‍ ദുരൂഹതയില്ല. ഇത്തരത്തില്‍ മാറ്റം ചെയ്യുമ്പോള്‍ ഒരു പൈസ പോലും നഷ്ടപ്പെടുന്നില്ല. ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്. അത് മറ്റേതെങ്കിലും ആവശ്യത്തിനായി വകമാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ല.

ട്രഷറി അക്കൗണ്ടില്‍ തന്നെ ആ പണം സുരക്ഷിതമായി നിലനില്‍ക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയിട്ടും, നിര്‍ഭാഗ്യവശാല്‍, അക്കൗണ്ടന്റ് ജനറല്‍ ഈ വസ്തുതകളെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല.

സി & എ.ജി റിപ്പോര്‍ട്ടില്‍ എസ്.ടി.എസ്.ബി അക്കൗണ്ടില്‍ നിന്ന് കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കും തിരിച്ചും ചെലവഴിക്കാതെ കിടന്ന പണം മാറ്റിയത് ക്രമരഹിതമാണെന്ന് മാത്രമാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒരുവിധ സാമ്പത്തിക ദുരുപയോഗമോ നഷ്ടമോ ആരോപിച്ചിട്ടില്ല.

എന്നാല്‍, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകര്‍ക്കാനും, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുതാത്തതെന്തോ സംഭവിച്ചു എന്ന പ്രതീതി സൃഷ്ടിക്കാനും റിപ്പോര്‍ട്ടിനെ മറയാക്കി രാഷ്ട്രീയ പ്രേരിതമായി ബോധപൂർവ്വം ശ്രമം നടക്കുകയാണ്. യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യർഥിക്കുന്നു.

Content Highlights: Kerala Chief Minister Pinarayi Vijayan has dismissed the findings of the CAG report, maintaining that the funds in the Chief Minister's Distress Relief Fund (CMDRF) are completely safe and managed with transparency. The Chief Minister defended the government's handling of the relief fund, stating that the allegations raised in the audit report are unfounded and reaffirming the government's commitment to accountability.

To advertise here,contact us