വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്:ഫയൽ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെ ശരവേഗത്തിൽ നീങ്ങി;രേഖകൾ റിപ്പോർട്ടറിന്

ഫയലില്‍ ബക്കാഡി കമ്പനിയുടെ അപേക്ഷ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ ഫയല്‍ നീങ്ങിയത് ശരവേഗത്തില്‍. 2023ല്‍ തുടങ്ങിയ ഫയല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വേഗത്തില്‍ നീങ്ങിയതിന്റെ ഫയല്‍ മൂവ്‌മെന്റ് ഹിസ്റ്ററി റിപ്പോര്‍ട്ടറിന് ലഭിച്ചു. മെയ് 18ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. മെയ് 21ന് നികുതിയളവ് ഫയല്‍ സജീവമായി. വെറും രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഫയല്‍ അന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ മുന്നിലെത്തിയത്.

മുഖ്യമന്ത്രി കണ്ടതിന് ശേഷം ഫയല്‍ ശരവേഗത്തില്‍ നീങ്ങുകയായിരുന്നു. ജൂണ്‍ 15ന് മുഖ്യമന്ത്രി ഫയലില്‍ തീരുമാനമാക്കി. ജൂണ്‍ 16ന് അതിരാവിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ ഫയല്‍ നീക്കി. രാവിലെ 8.45നാണ് ജ്യോതിലാല്‍ ഫയല്‍ നീക്കിയത്. അതിനുശേഷം ഒരു മിനിറ്റ് കൊണ്ടും രണ്ടുമിനിറ്റ് കൊണ്ടും ഫയല്‍ നീങ്ങുന്നത് രേഖകളില്‍ നിന്നും മനസിലാകും.

ബക്കാഡിക്ക് വേണ്ടിയാണ് നികുതിയിളവ് നല്‍കിയത്. ഫയലില്‍ ബക്കാഡി കമ്പനിയുടെ അപേക്ഷ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത ഫയല്‍ ആയിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ തന്നെ നികുതി കുറച്ചു കൊടുത്തിരിക്കുന്നത്. 2023ല്‍ അന്നത്തെ നികുതി വകുപ്പ് സെക്രട്ടറിയായ രത്തന്‍ ഖേല്‍ക്കര്‍ ഈ ഫയല്‍ കണ്ടിരുന്നു. ഇതേ രത്തന്‍ ഖേല്‍ക്കര്‍ക്ക് ആണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതല.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറവിന് യൂ ടേണിന് സാധ്യതയുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും അസംതൃപ്തി പുകയുന്നതിന്റെ പശ്ചാത്തലത്തില്‍ മദ്യ നികുതി വിവാദത്തില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി വേദിയില്‍ ചര്‍ച്ചചെയ്യാതെ തീരുമാനമെടുത്തതായാണ് പരാതി. എക്‌സൈസ് മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയെന്നും മദ്യ നികുതി വിവാദത്തില്‍ പുനപരിശോധന വേണമെന്നുമാണ് നേതാക്കളുടെ അഭിപ്രായം.

തീരുമാനം തിരുത്തിയില്ലെങ്കില്‍ അതൃപ്തി പരസ്യമാക്കാനിരിക്കുകയാണ് നേതാക്കള്‍. നേരത്തെ തന്നെ മദ്യത്തിന്റെ നികുതിയില്‍ തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര നോട്ടീസ് നല്‍കും. മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് അവതരണാനുമതി തേടുക.

Content Highlights: The file related to tax relief for low-alcohol-content liquor reportedly moved through official channels at a rapid pace

To advertise here,contact us