കോടതിയലക്ഷ്യ കേസ്; ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ച് കെ സുധാകരന്‍ എം പി

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശമുണ്ടായത്

കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയായിരുന്നു കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശമുണ്ടായത്. ഇത് കോടതിയെ അവഹേളിക്കുന്നതെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ഇതിന് പിന്നാലെ കെ സുധാകരനെതിരെ ചുമത്തിയ കോടതിയലക്ഷ്യ കേസില്‍ ഇന്ന് ഹാജരാകണമെന്നായിരുന്നു നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇന്ന് സത്യവാങ്മൂലത്തിലൂടെ കെ സുധാകരന്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചത്.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അംഗീകരിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് തിരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെ ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെ സുധാകരന്‍ നടത്തിയ പരസ്യ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യ കേസിന് ആധാരമായത്. എന്നാല്‍ പരാമര്‍ശം കോടതിയെ അവഹേളിക്കാനായിരുന്നില്ലെന്നും സാന്ദര്‍ഭികമായിരുന്നെന്നുമാണ് കെ സുധാകരന്‍ മാപ്പപേക്ഷയില്‍ വിശദീകരിക്കുന്നത്. അതേസമയം കോടതിയലക്ഷ്യ കേസ് പത്ത് ദിവസത്തിന് ശേഷം തുടര്‍നടപടികള്‍ക്കായി പരിഗണിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റി.

അഡ്വ. ജനാര്‍ദ്ദന ഷേണായിയാണ് സുധാകരനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി വിധിയെ വിമര്‍ശിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടാതെ അടുത്തിടെ എംവി ഗോവിന്ദനെതിരെ കെ സുധാകരന്‍ നല്‍കിയ കേസിലും സുധാകരന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.

Content Highlights: K Sudhakaran has submitted an apology petition before the Kerala High Court in connection with the contempt of court case against him. The move comes ahead of the court's consideration of the matter, marking a significant development in the ongoing legal proceedings involving the senior Congress leader. The High Court is expected to examine the apology petition during the next hearing and decide on the future course of the case.

To advertise here,contact us