കൊച്ചി: കെ കെ മഹേശൻ്റെ ആത്മഹത്യാ പ്രേരണക്കേസിൽ ഒന്നാം പ്രതിയായി നാലുവർഷത്തോളമായിട്ടും ജാമ്യമെടുക്കാതെ വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയും കെഎൽ അശോകൻ രണ്ടാം പ്രതിയും തുഷാർ വെള്ളാപ്പള്ളി മൂന്നാം പ്രതിയുമായി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നാലുവർഷത്തോളമായിട്ടും മൂന്ന് പ്രതികളും ജാമ്യം എടുത്തില്ല. 2022 നവംബർ 30നായിരുന്നു ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മൂന്ന് പ്രതികൾക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കെ കെ മഹേശൻ ആത്മഹത്യ ചെയ്ത് രണ്ട് വർത്തിന് ശേഷമായിരുന്നു പൊലീസ് നടപടി.
വളരെ ഗൗരവമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മാരാരിക്കുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ വെള്ളാപ്പള്ളി നടേശൻ, കെ എൽ അശേകൻ, തുഷാർ വെള്ളാപ്പള്ളി നടേശൻ എന്നിവർ നടത്തിയ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്ത് വരുമെന്ന ഭയം നിമിത്തം മഹേശനെ പ്രതിയാക്കാൻ പ്രതികൾ ഗൂഢാലോചന നടത്തി മാനസിക സമ്മർദ്ധത്തിൽ ആക്കിയെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നേടേശൻ വിശ്വസ്തനായിരുന്ന കെ കെ മഹേഷനെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോഫിനാൻസ് കേസുകളിൽ പ്രതിയാക്കി തുടർച്ചയായി ചോദ്യം ചെയ്യിച്ച് മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഈ നിലയിൽ 2020 ജൂൺ 8 മുതൽ 2020 ജൂൺ 24 വരെ മഹേശനെ നിരന്തരം കടുത്ത മാനസിക സംഘർഷത്തിലാക്കി ആത്മഹത്യാ പ്രേരണ നൽകിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. 2020 ജൂൺ 24ന് കണിച്ചുകുളങ്ങരയിലുള്ള എസ്എൻഡിപി യൂണിയൻ ഓഫീസിൽ വച്ച് മഹേശൻ ആത്യഹത്യചെയ്യുന്നതിന് പ്രതികൾ മനസാലേ പ്രവർത്തിച്ചുവെന്നും എഫ്ഐആറിൽ പരാമർശമുണ്ട്.
ആത്മഹത്യക്ക് സ്വതവേ രജിസ്റ്റർ ചെയ്യാറുള്ള അസ്വാഭാവിക മരണത്തിനുള്ള കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു തുടക്കത്തിൽ പൊലീസ് ശ്രമിച്ചത്. എന്നാൽ മഹേശൻ്റെ കുടുംബം ഹൈക്കോടതി വരെ പോയി ഉത്തരവ് വാങ്ങിയാണ് വെള്ളാപ്പള്ളി അടക്കമുള്ളവരെ പ്രതിസ്ഥാനത്ത് ചേർത്ത് മാരാരിക്കുളം പോലീസിനെ കൊണ്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചത്.
കെ കെ മഹേശൻ്റെ മരണത്തില്‍ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് മുഖ്യമന്ത്രി വി ഡി സതീശന് വീണ്ടും കത്തെഴുതിയിരുന്നു. അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ആദ്യ കത്തില്‍ നടപടി വൈകുന്ന സാഹചര്യത്തിലായിരുന്നു രണ്ടാമത്തെ കത്ത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് മഹേഷന് ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരന് മുഖ്യമന്ത്രിക്ക് ആദ്യം കത്ത് നല്‍കിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്നര വർഷത്തോളം കഴിഞ്ഞിട്ടും കേസിൽ പൊലീസ് മെല്ലപ്പോക്ക് തുടരുന്ന . ഈ സാഹചര്യത്തിലാണ് കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ്റെ ഇടപെടലുണ്ടായത്. നേരത്തെ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസിൽ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരൻ കത്ത് നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കപ്പെട്ടിരുന്നില്ല.
എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു കെ കെ മഹേശന്. മൈക്രോഫിനാന്‍സ് കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് 2020 ജൂണ്‍ 24ന് എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന് ഓഫീസില്‍ മഹേശന് ജീവനൊടുക്കിയത്.
Content Highlights: Four years after being named the first accused in the K.K. Mahesh abetment to suicide case, Vellappally Natesan has not sought bail. Read the latest developments and background of the case.