കാഫിർ സ്‌ക്രീൻഷോട്ട്: ബുദ്ധികേന്ദ്രം ജിതിൻ ഭാസ്‌കർ അല്ലെന്ന നിഗമനത്തിൽ SIT,ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ ആണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ബുദ്ധികേന്ദ്രം ജിതിന്‍ ഭാസ്‌കര്‍ അല്ലെന്ന നിഗമനത്തില്‍ എസ്‌ഐടി. സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചെന്ന വിവരത്തെ തുടര്‍ന്ന് ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം.

സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ ആണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ജിതിന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയ്‌ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കും.

കഴിഞ്ഞ ദിവസങ്ങളിൽ ജിതിന്‍ ഭാസ്‌കറിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തുവെന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടുവെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഫോണ്‍ സ്‌റ്റേറ്റ് ഫോറന്‍സിക് ലാബിലേക്കയക്കാനാണ് എസ്‌ഐടി നീക്കം.

സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. കാഫിർ സ്‌ക്രീൻഷോട്ട് ജിതിൻ ഭാസ്‌കർ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്‌കറിലേക്ക് എത്തിയത്.

അതേസമയം, ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് നേരത്തെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. ജിതിൻ ഭാസ്‌കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. വടകര എം പി ഷാഫി പറമ്പിൽ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള എന്നിവർ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിന് മറുപടിയുമായി ഷാഫി പറമ്പിലും രംഗത്തെത്തി. ജിതിൻ ഭാസ്‌കറിന് ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സ്‌ക്രീൻഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഉപദേശിച്ചവരും അവരായത് കൊണ്ടാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അറസ്റ്റിന് പിന്നിൽ ഷാഫി എന്ന് പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്നും തന്റെ നിർദ്ദേശപ്രകാരമല്ല റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തതെന്നും അദ്ദേഹം ഡിവൈഎഫ്‌ഐക്ക് മറുപടി നൽകി.

Content Highlights: Kafir Screenshot Case: SIT Concludes Jithin Bhaskar Was Not the Mastermind Behind Screenshot

To advertise here,contact us