കാട്ടാന ശല്യം രൂക്ഷമായതിനാല്‍ എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചു; ആംബുലന്‍സിന് 5500 രൂപ പിഴയിട്ട് എംവിഡി

മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്

കൊച്ചി: മോഡിഫിക്കേഷന്‍ നടത്തിയെന്ന് കാട്ടി ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സിനാണ് പിഴ ലഭിച്ചത്. എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് പിഴ. 5500 രൂപയാണ് ആംബുലന്‍സിന് പിഴയിട്ടത്.

എന്നാല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചത് കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണെന്നാണ് കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം. മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്. മലയോര മേഖല ആയതിനാല്‍ പ്ലാന്റേഷനിലെ തൊഴിലാളികളടക്കം ആശ്രയിച്ചു പോരുന്ന ആംബുലന്‍സിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയിലാണ് ആംബുലന്‍സ് സേവനം നടത്തുന്നത്.

അതേസമയം കാറില്‍ ബംബര്‍ ഗാര്‍ഡ് വെച്ചതിന് ടാക്‌സി ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിഴയിട്ടിരുന്നു. 5000 രൂപയുടെ പിഴ നോട്ടീസാണ് ടാക്‌സി ഡ്രൈവര്‍ക്ക് ലഭിച്ചത്. അത്യാവശ്യം ആള്‍ട്രേഷന്‍ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചെന്നായിരുന്നു ടാക്‌സി ഡ്രൈവറായ ഷമീര്‍ ഖാലിദ് പറഞ്ഞത്. ഫൈന്‍ അടക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തുക കുറച്ചു നല്‍കണമെന്നും ഷമീര്‍ ഖാലിദ് വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിരുന്നത്. എന്നാല്‍ പിഴത്തുക കുറയ്ക്കാന്‍ പറ്റില്ലെന്നും സമയം നീട്ടി നല്‍കാമെന്നുമായിരുന്നു എംവിഡി അറിയിച്ചിരുന്നത്.

മോഡിഫിക്കേഷനില്‍ ഇളവുകൾ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന തിരഞ്ഞെടുപ്പിന് മുന്‍പ് വലിയ ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മോഡിഫിക്കേഷനില്‍ വമ്പന്‍ ഇളവുകള്‍ പ്രതീക്ഷിച്ചവര്‍ക്ക് വന്‍ നിരാശയായിരുന്നു ഫലം. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം വാഹനങ്ങളില്‍ എന്തെല്ലാം മോഡിഫിക്കേഷന്‍ ആകാമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട് വാഹനപ്രേമികളുടെ നിരാശ കൂട്ടി. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാമെന്നതടക്കമായിരുന്നു മോഡിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മാത്രമല്ല നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കുകയും ചെയ്തു. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

Content Highlights: An ambulance operating in an area frequently affected by wild elephant movement was equipped with additional lights to improve visibility and enhance safety during emergency trips. However, the Kerala Motor Vehicles Department imposed a fine of ₹5,500, citing violations of vehicle modification rules. The incident has sparked discussions on balancing road safety regulations with the practical challenges faced by emergency service providers in wildlife-prone regions.

To advertise here,contact us