കണ്ണൂര്‍: കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പളളിയിലെ കല്ലറയില്‍ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പള്ളിയില്‍ എത്തി. കല്ലറ തുറന്ന് പരിശോധിക്കണമെന്ന പള്ളി വികാരിയുടെയും ഇടവക അംഗങ്ങളുടെയും ആവശ്യത്തിലാണ് ഈ നീക്കം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി,പേരാവൂര്‍ ഡിവൈഎസ്പി ഇരിട്ടി തഹസില്‍ദാര്‍ എന്നിവരടക്കമുള്ളവരാണ് അന്വേഷണത്തിന് എത്തിയിട്ടുള്ളത്.
വിലങ്ങാട് സ്വദേശിയുടെ തിരോധാനത്തിലും അന്വേഷണം നടത്തും. വിലങ്ങാട് സ്വദേശി സിജോയെ 2014 മുതലാണ് കാണാതാകുന്നത്. കാണാതായി ഏഴ് വര്‍ഷത്തിന് ശേഷമാണ് ബന്ധുക്കള്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയത്. സിജോ ഭാര്യവീട്ടിലാണെന്ന് വിലങ്ങാട്ടുള്ള ബന്ധുക്കളും, സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും കരുതിയതാണ് പരാതി നല്കാന് വൈകിയതിന് കാരണമായി പറഞ്ഞത്. കടയില്‍ പോയി വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍ അന്ന് അന്വേഷണത്തില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും പരാതി നല്‍കുമെന്ന് സിജോയുടെ ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ വാണിയപ്പാറയിലെ ഇന്‍ഫന്റ് ജീസസ് പളളിയിലെ കല്ലറയില്‍ ദുരൂഹതയുണര്‍ത്തുന്ന സംഭവമുണ്ടായത്. സെമിത്തേരിയില്‍ ഒരു മൃതദേഹം സംസ്കരിക്കാനായി കല്ലറ തുറന്നപ്പോള്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു വസ്തു കണ്ടെത്തുകയായിരുന്നു.മൃതദേഹമാണ് സംശയം ഉയര്‍ന്നതോടെ പൊലീസിനെ വിവരമറിയിച്ചിരുന്നു. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കല്ലറയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.
ക്രിസ്ത്യന്‍ ആചാര പ്രകാരം ഒരു മൃതദേഹത്തിന് മേല്‍ മറ്റൊരു മൃതദേഹം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും സംഭവം അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ പളളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് നേരത്തെ വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ വ്യക്തമാക്കിയിരുന്നു. നിയമപരമായി മുന്നോട്ടുപോകണമെന്നാണ് പളളിയുടെ നിലപാട്. 2006-ലും 2015-ലും ഈ കല്ലറയില്‍ മൃതദേഹം സംസ്കരിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015-ല്‍ ദുരൂഹ കല്ലറയില്‍ അടക്കിയ ജെയിംസിന്റെ ഭാര്യ സെമിത്തേരിയില്‍ എത്തി. 38-ാം നമ്പര്‍ കല്ലറയിലാണ് ജെയിംസിനെ അടക്കിയതെന്ന് കുടുംബം അറിയിച്ചിരുന്നു. ദുരൂഹത ഉയര്‍ത്തിയ കല്ലറ തന്നെയാണ് ജെയിംസിന്റെ ഭാര്യ തൊട്ടുകാണിച്ചത്.
Content Highlights:Senior officials visited Vaniyappara Church after two bodies were found in a cemetery on the church premises.