കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മാണം: സൈബർ ആക്രമണത്തിൽ എഎ റഹീം എംപിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു

രണ്ട് യുഡിഎഫ് അനുകൂല ഫേസ്ബുക്ക് ഐഡികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കി എന്ന വ്യാജപ്രചരണത്തില്‍ എഎ റഹീം എംപി നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. രണ്ട് യുഡിഎഫ് അനുകൂല ഫേസ്ബുക്ക് ഐഡികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതില്‍ ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിന്‍റെ നിര്‍ദേശപ്രകാരമെന്ന് പ്രതി ജിതിന്‍ ഭാസ്‌കര്‍ മൊഴി നല്‍കി എന്ന തരത്തില്‍ ഫെയിസ്ബുക്കില്‍ വ്യാജ പോസ്റ്റ് പ്രചരിച്ചത്. ഇതിനെതിരെ റഹീം താന്‍ പൊലീസില്‍ പരാതി നല്‍കി എന്ന് പറഞ്ഞ് ഫെയിസ്ബുക്കില്‍ മറ്റൊരു പോസ്റ്റും പോസ്റ്റ് ചെയ്തിരുന്നു. വ്യാജപ്രചരണങ്ങള്‍ക്കെതിരായ നിയമനടപടികള്‍ തുടരുന്നതിന്‍റെ

ഭാഗമായി മറ്റൊരു വ്യാജ പ്രചരണത്തിനെതിരായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. നവമാധ്യമത്തിലെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പോസ്റ്റിലുണ്ട്.

നേരത്തെ കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജിതിൻ ഭാസ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന വാട്സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്. ജിതിൻ ഭാസ്കറിന്റെ അറസ്റ്റിന് പിന്നാലെ യുഡിഎഫും പൊലീസും മാധ്യമങ്ങളും ഗൂഢാലോചന നടത്തുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. നേരത്തെ ഡിവൈഎഫ്‌ഐയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 

Content Highlights:Police have registered a case following AI Rahim MP's complaint over an alleged cyber attack involving the fabrication and circulation of a fake "Kafir" screenshot on social media. The investigation is underway.

To advertise here,contact us