കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് UDF MLA; അങ്ങനെ പറയുന്നവർക്ക് ജീവിച്ചിരിക്കാൻ അര്‍ഹതയുണ്ടോ എന്ന് G സുധാകരൻ

'കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെട്ടതല്ല. അത് കൊണ്ടുനടക്കാനും നടപ്പാക്കാനുമുള്ളവര്‍ ഇപ്പോള്‍ ഇല്ല'

തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് നിയമസഭയില്‍ പറഞ്ഞ യുഡിഎഫ് അംഗം വര്‍ഗീസ് മാമ്മന് മറുപടിയുമായി ജി സുധാകരൻ. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ജി സുധാകരന്‍ ചോദിച്ചു. കമ്മ്യൂണിസം വെറുക്കെപ്പട്ട വിശ്വാസ പ്രമാണമാണെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ പറഞ്ഞത്. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്നും വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോഴായിരുന്നു വര്‍ഗീസ് മാമ്മന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതേ വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വര്‍ഗീസ് മാമ്മന് ജി സുധാകരന്‍ മറുപടി നല്‍കിയത്.

'കമ്മ്യൂണിസം ലോകത്ത് തകര്‍ക്കപ്പെട്ട തത്വസംഹിതയില്‍ വെറുക്കപ്പെട്ട വിശ്വാസപ്രമാണമാണ്. എന്നിട്ടും രവീന്ദ്രന്‍ മാഷിനെ പോലുള്ള വലിയ അധ്യാപകര്‍ തങ്ങളെപ്പോലുള്ള പുതുതലമുറയെ ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ഇവിടെ പ്രസംഗം നടത്തിയത്. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ആശയങ്ങള്‍ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ആശയങ്ങളാണ്. ബജറ്റിനെ പിന്തുണയ്ക്കുന്നു' എന്നായിരുന്നു വര്‍ഗീസ് മാമ്മന്‍ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ജി സുധാകരന്റെ പ്രതികരണം.

ബജറ്റുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയ ശേഷമായിരുന്നു വര്‍ഗീസ് മാമ്മനുള്ള ജി സുധാകരന്റെ മറുപടി. ഇവിടെ കമ്മ്യൂണിസം ശാപമാണെന്ന് ഒരു സുഹൃത്ത് പറഞ്ഞെന്നും അദ്ദേഹത്തിന്റെ മുഖം കാണാതിരുന്നത് തന്റെ ഭാഗ്യമാണെന്നും സുധാകരന്‍ പരിഹസിച്ചു. കമ്മ്യൂണിസം ശാപമാണെന്ന് പറയുന്നവര്‍ക്ക് ലോകത്ത് ജീവിച്ചിരിക്കാന്‍ അവകാശമുണ്ടോയെന്ന് ജി സുധാകരന്‍ ചോദിച്ചു. കമ്മ്യൂണിസം ശാപഗ്രസ്ഥമാക്കിയവരെപ്പറ്റി പറയുന്നതിന് പകരം ആ മഹത്തായ ഐഡിയോളജിയെ ആക്ഷേപിക്കുകയല്ല വേണ്ടത്. ഇന്ന് ഇവിടെ കമ്മ്യൂണിസം ഇല്ല. ആരാണ് കമ്മ്യൂണിസ്റ്റ്?. താന്‍ പാര്‍ട്ടിയിലില്ല. ഒരു പാര്‍ട്ടിയില്‍ ഉണ്ടെങ്കിലേ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഉണ്ടാകൂ എന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. പക്ഷേ താന്‍ കമ്മ്യൂണിസ്റ്റ് വിശ്വാസിയാണ്. അത് പറയാന്‍ അവകാശമുണ്ട്. കമ്മ്യൂണിസം ഒരിക്കലും കാലഹരണപ്പെട്ടതല്ല. അത് കൊണ്ടുനടക്കാനും നടപ്പാക്കാനുമുള്ളവര്‍ ഇപ്പോള്‍ ഇല്ല. ചൈനയിലും ക്യൂബയിലും കൊറിയയിലും വിയറ്റ്‌നാമിലും അവര്‍ ഒരു പരുവത്തില്‍ കൊണ്ടുനടക്കുകയാണ്. ഇവിടെ ആരാണ് ഉള്ളത്. ആരുമില്ല. ഈ പറയുന്നതൊന്നും കമ്മ്യൂണിസമല്ല. അറിയാവുന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു. കമ്മ്യൂണിസത്തെയൊന്നും ശപിക്കരുത്. അതൊന്നും ശരിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള കോണ്‍ഗ്രസുമായി യോജിച്ചിട്ടുണ്ട്. നാളെ യഥാര്‍ത്ഥ കോണ്‍ഗ്രസുമായി യോജിക്കില്ല എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?. നാളെ യോജിക്കുമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- A political controversy emerged after a UDF MLA stated that the era of communism has ended. Responding to the remark, G. Sudhakaran strongly criticized the statement

To advertise here,contact us