'സർക്കാരിൻ്റെയും പൊലീസിൻ്റെയും ഒത്താശയോടെ വിശ്വാസികളെ RSS തടഞ്ഞു'; വർഷിപ്പ് സെന്ററിലെ BJP പ്രതിഷേധത്തിൽ DYFI

ചൂഷണം നടത്തുന്ന സ്ഥാപനങ്ങളെ തങ്ങള്‍ സംരക്ഷിക്കില്ലെന്നും പരാതിയുള്ള സ്ഥാപനങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും വിഷ്ണു ഗോപാല്‍

പത്തനംതിട്ട: എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലെ വിശ്വാസികളെ ബിജെപി തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാല്‍. സംഘപരിവാറാണ് ആരാധനാലയത്തില്‍ അതിക്രമം നടത്തിയതെന്ന് വിഷ്ണു ഗോപാല്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കുന്ന ആക്രമണത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓമല്ലൂരിലും കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തില്‍ കാണാത്ത ഒരു പ്രവണത ആണ് ഇത്. യുഡിഎഫ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ ആര്‍എസ്എസ് വിശ്വാസികളെ തടഞ്ഞു. കുറ്റക്കാരായ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം. കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണം', അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂഷണം നടത്തുന്ന സ്ഥാപനങ്ങളെ തങ്ങള്‍ സംരക്ഷിക്കില്ലെന്നും പരാതിയുള്ള സ്ഥാപനങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും വിഷ്ണു ഗോപാല്‍ പറഞ്ഞു. പ്രാര്‍ത്ഥനാലയങ്ങള്‍ ആര്‍എസ്എസ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഡിവൈഎഫ്‌ഐ പ്രതിരോധിക്കുമെന്ന് വിഷ്ണു ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

'മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയത്തില്‍ ഇടപെടണം. ആര്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ ഡീല്‍ ഉണ്ട്. പാസ്റ്റര്‍ ബിനു വാഴമുട്ടത്തിലിനെ ഒളിപ്പിച്ചത് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്. വനിതയായ ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വനിതകളായ വിശ്വാസികളെ ആക്രമിച്ചു', വിഷ്ണു ഗോപാല്‍ പറഞ്ഞു.

എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലെ പീഡനത്തില്‍ ഓമല്ലൂര്‍ സെന്ററിന് മുന്നില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രതിഷേധമുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി എത്തിയ ആളുകളും സ്ഥലത്തെത്തിയതോടെ വലിയ സംഘര്‍ഷാവസ്ഥ സ്ഥലത്തുണ്ടായിരുന്നു. എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ സ്നേഹത്തണല്‍ വൃദ്ധസദനത്തിലെ ക്രൂരത വെളിപ്പെടുത്തി അണക്കര സ്വദേശിയായ 17 കാരന്‍ രംഗത്തെത്തിയിരുന്നു.

മൂന്നു മാസമായി വര്‍ഷിപ്പിങ് സെന്റില്‍ താമസിച്ച് വരികയായിരുന്നു കുട്ടി. പഠനത്തിനൊപ്പം ജോലിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഒടുവില്‍ പഠനം നടക്കാതെ വരികയും സെന്ററിലെ ജോലികള്‍ ചെയ്യിക്കുന്നത് തുടരുകയും ചെയ്തതോടെ ഇതിനെ കുട്ടി ചോദ്യം ചെയ്തു. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.

റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട മന്ത്രി ബിന്ദു കൃഷ്ണ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി. കട്ടപ്പന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇലവുംതിട്ട പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് മൂന്നുപേരുടെ അറസ്റ്റും രേഖപ്പെടുത്തി. പിന്നാലെ പരാതിയുമായി 15കാരനും രംഗത്തെത്തി. മര്‍ദ്ദനമേറ്റ 15 കാരന്റെ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്ഥാപന ഉടമ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ഇടുക്കി സ്വദേശിയായ മുന്‍ജീവനക്കാരിയും പരാതി നല്‍കിയിരുന്നു. സ്ഥാപനത്തിലെ പീഡനം 17 കാരന്റെ കുടുംബത്തെ അറിയിച്ചത് ഈ യുവതിയായിരുന്നു. തന്റെയും കുട്ടികളുടെയും ജീവന് സുരക്ഷ നല്‍കണമെന്നും ബിനുവിനെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

Content Highlights: DYFI Pathanamthitta district secretary Vishnu Gopal has reacted to allegations that BJP workers obstructed believers from attending a gathering at the Elohim Global Worship Centre

To advertise here,contact us