'ഗൂഢാലോചനയുണ്ടായോ എന്ന് ശ്വേതയോട് തന്നെ ചോദിക്കണം'; മുൻ പ്രസിഡന്റിന്റെ ആരോപണം തള്ളി ഉഷ ഹസീന

ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം വ്യക്തിപരമായി സന്ദേശമയച്ചിരുന്നുവെന്നും ഇത്തരം വിവരമില്ലായ്മയ്ക്ക് മറുപടി പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മറുപടി നല്‍കിയെന്നും ഉഷ ഹസീന

കൊച്ചി: 'അമ്മ'യിലെ പ്രശ്‌നങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ഉഷ ഹസീന. ആശാ അരവിന്ദ് അഡ്‌ഹോക്ക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് അറിയില്ലെന്ന് ഉഷ ഹസീന പറഞ്ഞു. മുന്‍ പ്രസിഡന്റ് ശ്വേത മേനോന്റെ ഗൂഢാലോചനാ ആരോപണത്തെ ഉഷ ഹസീന തള്ളി പറഞ്ഞു. ഗൂഢാലോചന ഉണ്ടായോ എന്ന് ശ്വേതയോട് തന്നെ ചോദിക്കണമെന്നും തങ്ങള്‍ക്ക് അറിയില്ലെന്നും ഉഷ ഹസീന മാധ്യമങ്ങളോട് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് ശ്വേതയോട് തന്നെ ചോദിക്കണമെന്നും ഉഷ ഹസീന ആവര്‍ത്തിച്ചു.

ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഉഷ മറുപടി നല്‍കി. ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം വ്യക്തിപരമായി സന്ദേശമയച്ചിരുന്നുവെന്നും ഇത്തരം വിവരമില്ലായ്മയ്ക്ക് മറുപടി പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മറുപടി നല്‍കിയെന്നും ഉഷ ഹസീന പറഞ്ഞു. എന്നാല്‍ രാവിലെ ലക്ഷ്മിപ്രിയ ഇതേക്കാര്യം ഫേസ്ബുക്ക് പോസ്റ്റിട്ടതിനാലാണ് താനും മറുപടിയായി ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന് ഉഷ ഹസീന വ്യക്തമാക്കി.

ഭരണസമിതി രാജിവെച്ചതിന് പിന്നാലെ ഇന്ന് അമ്മയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ലക്ഷ്മിപ്രിയ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്മിപ്രിയയുടെ രാജിക്കത്തില്‍ ഉഷ ഹസീനയുടെ പേരുമുണ്ടായിരുന്നു. 'ഞാന്‍ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ത്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി', എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ രാജിക്കത്തില്‍ പറയുന്നത്.

പിന്നാലെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിന്റെയും ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെ കാണുന്നുള്ളൂവെന്ന് ഉഷ ഹസീന പറഞ്ഞിരുന്നി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ തങ്ങള്‍ക്ക് മനസ്സില്ലെന്നും വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരു താല്‍പര്യവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു.

Content Highights: Actress Usha Haseena has once again spoken out on the controversies surrounding AMMA

To advertise here,contact us