'തെറ്റ് ചെയ്യാത്ത എന്നെ ക്രൂശിക്കുന്നു, നീതിയ്ക്ക് വിലയുണ്ടോയെന്ന് നോക്കാം'; വീഡിയോ സന്ദേശവുമായി ഉണ്ണി ശിവപാൽ

' ഒരു ഗ്രൂപ്പിന്റെ ഭാഗമായിട്ടും നിന്നിട്ടില്ല. ഒറ്റയാനാണ്. തോറ്റാലും ജയിച്ചാലും അമ്മയ്‌ക്കൊപ്പം നിന്നയാളാണ്'

കൊച്ചി: മലയാള സിനിമയിലെ താരസംഘടന അമ്മയുടെ ജനറല്‍ ബോഡി ഇന്ന് ചേരാനിരിക്കെ വീഡിയോ സന്ദേശവുമായി ട്രഷറല്‍ ഉണ്ണി ശിവപാല്‍. ഇന്ന് എല്ലാം തുറന്നുപറയുമെന്നും സത്യസന്ധതയ്ക്കും നീതിയ്ക്കും വിലയുണ്ടോയെന്ന് നോക്കാമെന്നും ഉണ്ണിശിവപാല്‍ പറയുന്നു. ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും നിര്‍ബന്ധിത അവധിക്ക് പറഞ്ഞയച്ചുവെന്നുമാണ് ഉണ്ണിശിവപാല്‍ പറയുന്നു.

'അമ്മയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രഷറര്‍ അകാരണമായി പുറത്തുനില്‍ക്കേണ്ടി വന്നു. പല കത്തുകളും ഇമെയിലുകളും അമ്മയ്ക്ക് അയച്ചുകൊടുത്തു. എന്റെ ഫോണും വാട്‌സാപ്പ് ചാറ്റുകളും ഊബറുകളും കൊടുക്കാമെന്നും പോളിഗ്രാഫ് ടെസ്റ്റിന് പോലും തയ്യാറാണെന്ന് ഞാന്‍ ഇതിലൂടെ പറഞ്ഞു. എന്നിട്ട് ഒരു ചെറിയ വിലപോലും കല്‍പ്പിക്കാതെ മെയ് 12ാം തീയതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു. എനിക്ക് പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കേട്ടില്ല. പിന്നീട് ഉണ്ണിശിവപാലിനെ ലീവിന് പറഞ്ഞയച്ചുവെന്ന് മീഡിയയിലൂടെയാണ് കാണുന്നത്. ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അമ്മയുടെ ഏത് ഖണ്ഡികയിലാണ് അത്തരമൊരു തീരുമാനം എടുക്കാന്‍ അധികാരം ഉള്ളതായി പറയുന്നത്. എന്നെ കേള്‍ക്കാതെ ഒരു സ്റ്റാഫ് പറയുന്നത് മാത്രമാണ് കേട്ടത്', വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഒരു തെറ്റുപോലും ചെയ്യാതെ തന്നെ ക്രൂശിക്കുന്നുവെന്നും തന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും വിശ്വസിക്കുന്നവര്‍ക്കും അടിയാണിതെന്നും ഉണ്ണിശിവപാല്‍ പറയുന്നു. 'ഇതില്‍ എന്ത് ന്യായമാണ് ഉള്ളത്. കാലം തെളിയിക്കേണ്ട ചില സത്യങ്ങള്‍ ഉണ്ട്. ഇന്നത്തെ ജനറല്‍ ബോഡിയിലാണ് എന്റെ വിശ്വാസം. ഒന്ന് രണ്ട് അംഗങ്ങള്‍ കരഞ്ഞുകൊണ്ട് എന്നെ വിളിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിന്റെ ഭാഗമായിട്ടും നിന്നിട്ടില്ല. ഒറ്റയാനാണ്. തോറ്റാലും ജയിച്ചാലും അമ്മയ്‌ക്കൊപ്പം നിന്നയാളാണ്. സത്യസന്ധതയ്ക്കും നീതിയ്ക്കും വിലയുണ്ടോയെന്ന് നോക്കാം', എന്നുപറഞ്ഞാണ് ഉണ്ണിശിവപാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ഇന്ന് അമ്മ ജനറല്‍ ബോഡി യോഗം നടക്കുന്നത്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൂടിയാണിത്. അമ്മയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നാണ് അംഗങ്ങള്‍ ഉറ്റുനോക്കുന്നത്.

Content Highlights: AMMA treasurer Unni Sivapal has released a video message ahead of the organization's General Body meeting, drawing attention within the Malayalam film industry

To advertise here,contact us