പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥ‍‍ർക്ക് നഷ്ടമായത് കാലുകൾ, മുറിച്ചുമാറ്റി

ജില്ലാ പൊലീസ് ടീമിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു സൂരജ്

കാസര്‍കോട്: നിയന്ത്രണം വിട്ട മാരുതി കാര്‍ ഇടിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ കാല്‍ മുറിച്ചുമാറ്റി. പിലിക്കോട് സ്വദേശി കെ എം സൂരജി(36)ന്റെ ഇടതുകാലും ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ അലോഷ്യസ് മാത്യു(37)വിന്റെ വലതുകാലുമാണ് മുറിച്ച് മാറ്റിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി ദേശീയപാതയില്‍ പടന്നക്കാട്ട് നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലേക്ക് കാര്‍ ഇടിച്ചുകയറിയത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് ഇരുവരും. റോഡരികില്‍ ജീപ്പ് നിര്‍ത്തിയിട്ട ശേഷം അതിന് പിന്നില്‍ നില്‍ക്കുകയായിരുന്നു ഇവര്‍.

ഇതിനിടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ടെത്തി സൂരജിനെയും അലോഷ്യസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശേഷം പൊലീസ് ജീപ്പിലിടിച്ചാണ് കാര്‍ നിന്നത്. ജില്ലാ പൊലീസ് ടീമിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു സൂരജ്. കാലുകള്‍ മുറിച്ചുമാറ്റിയ സാഹചര്യത്തില്‍ ഇരുവര്‍ക്കും പൊലീസില്‍ തുടരാനുള്ള ശാരീരിക ക്ഷമതാ സാക്ഷ്യപത്രം കിട്ടില്ലെന്നും അതിനാല്‍ മറ്റേതെങ്കിലും വകുപ്പിലേക്ക് ജോലി മാറ്റണമെന്നുമാണ് പൊലീസ് അസോസിയേഷന്റെ ആവശ്യം.

Content Highlights: police officers who were seriously injured after being hit by an out-of-control Maruti car has undergone leg amputation

To advertise here,contact us