മുല്ലപ്പെരിയാർ;പുതിയ ഡാം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കും,ശിവരാജനെ കേന്ദ്രം മാറ്റിയത് അകാരണമായി:മോൻസ് ജോസഫ്

'വകുപ്പുമായി ആലോചിക്കാതെയാണ് കേന്ദ്രനടപടി'

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റിയ കേന്ദ്ര നടപടിക്കെതിരെ മന്ത്രി മോന്‍സ് ജോസഫ്. കേന്ദ്ര തീരുമാനം ഏകപക്ഷീയമാണെന്നും നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടി കെ ശിവരാജനെ അകാരണമായി മാറ്റി. കേരളവുമായി ആലോചിച്ചിട്ടില്ല. വകുപ്പുമായി ആലോചിക്കാതെയാണ് കേന്ദ്രനടപടി.

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നടപടി പിന്‍വലിക്കണം. കേരളത്തിന്റ അംഗത്തെ ചേര്‍ക്കണം. കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്തുവന്നു. അംഗീകരിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തു. എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ടി കെ ശിവരാജനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കേരളത്തെ അറിയിക്കണമായിരുന്നു.

കേരളത്തിന്റെ പ്രതിനിധിക്ക് പകരം യുപിക്കാരനെയാണ് ചുമതലപ്പെടുത്തിയത്. മുല്ലപ്പെരിയാര്‍ ഡാം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായ സമന്വയം വേണം. കേരള ജനതയുടെ സുരക്ഷയാണ് പ്രധാനം. മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന് വെള്ളം കൊടുക്കാന്‍ തയ്യാറാണ്. രണ്ട് സര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച ചെയ്യും. തമിഴ്‌നാട് ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെങ്കില്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയില്‍ രൂപീകരിച്ച സമിതിയില്‍ നിന്നാണ് കേരളം നിര്‍ദേശിച്ച വിദഗ്ധൻ ടി കെ ശിവരാജനെ കേന്ദ്രം ഒഴിവാക്കിയത്. പകരം നിയമിച്ചിരിക്കുന്നത് യുപി സ്വദേശിയായ എംഎല്‍ ശര്‍മയെയാണ്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചതാണ് സമഗ്ര സുരക്ഷാ പരിശോധനാ സമിതി. ടികെ ശിവരാജന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കേന്ദ്ര ജലകമ്മീഷന്‍ മുന്‍ ചീഫ് എഞ്ചിനീയറാണ് അദ്ദേഹം. ഐഐടി റൂര്‍ക്കേയിലെ പ്രൊഫസറാണ് എം എല്‍ ശര്‍മ.

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷിയാണ് സമിതി ചെയര്‍മാന്‍. ഈ മാസം 16നാണ് നിയമനം സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. എന്നാല്‍ ശിവരാജനെ മാറ്റിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്.

Content Highlights: Minister Mons Joseph has criticized the Centre's decision to remove Kerala's representative from the comprehensive safety inspection committee of the Mullaperiyar Dam

To advertise here,contact us