തിരുവനന്തപുരം: ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ വാടകയ്ക്കെടുത്ത ഇന്നോവ ക്രിസ്റ്റയില്‍ മാത്രം യാത്ര ചെയ്ത് ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍. മുന്‍ ചെയര്പേഴ്സണ്മാര് ഉപയോഗിച്ച, ആറ് വര്‍ഷം മാത്രം പഴക്കമുള്ള ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കാതെ കിടക്കുന്നത്. അതിന് പകരം മാസം 50,000 രൂപ വീതം വാടക കൊടുത്താണ് ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ഡ്രൈവറെ ഉപയോഗിക്കാതെ ദിവസ വേതനത്തിന് ഡ്രൈവറെ വെച്ചാണ് കെ വി മനോജ് കുമാറിന്റെ യാത്ര. ടാക്സി വാഹനമായ ഇന്നോവ ക്രിസ്റ്റയില്‍ ഗതാഗത വകുപ്പിന്റെ നിര്‍ദേശം മറികടന്ന് മഞ്ഞ ബോര്‍ഡ് വെള്ളബോര്ഡ് ആക്കി യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം ആറ് ആയെങ്കിലും ഗതാഗത വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല.
അതേസമയം, ബാലാവാകാശ കമ്മീഷനില്‍ ചെയര്‍പേഴ്സണ്‍ ധൂര്‍ത്തടിക്കുകയാണെന്നും വാഹന ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടത് ചോദ്യം ചെയ്തതിനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും ബാലാവകാശ കമ്മീഷന് മുന്‍ സെക്രട്ടറി ഷൈനി ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഗതാഗത വകുപ്പില്‍ നിന്ന് ചെയ്യരുത് എന്ന് ഉത്തരവ് ഉണ്ടായിട്ടും ചെയര്‍പേഴ്സണ്‍ മനോജ് നിയമവിരുദ്ധമായാണ് വാഹനം കൈയില്‍ വെക്കുന്നതെന്നും ഷൈനി ജോര്‍ജ് ആരോപിക്കുന്നു.
'മനോജ് എന്ന് പറയുന്ന വ്യക്തി ക്രിസ്റ്റയിലേ കയറുള്ളൂ. ബാക്കി വാഹനങ്ങള്‍ക്കൊക്കെ സ്റ്റാറ്റസിന് കുറവാണ്. കാര്യം മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന നിലയില്‍ അതനുസരിച്ച് പോകണമല്ലോ. 5000 രൂപയ്ക്ക് മുകളില്‍ മാസം ചെലവാകും. സെക്രട്ടറിയുടെ ബോര്‍ഡ് കൂടി വൈറ്റ് ആക്കൂ എന്ന് എന്നോട് പറഞ്ഞിരുന്നു. നിയമം തെറ്റാണല്ലോയെന്ന് ഞാന്‍ പറഞ്ഞു. അവസാനം ഗണേഷ് കുമാറിന്റെ ഓഫീസിലും ട്രാന്‍സ്പോര്‍ട്ടിലും അന്വേഷിച്ചു. നിയമം പറയുന്നത് ഇത് തെറ്റാണെന്ന് തന്നെയാണ്', ഷൈനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights:Child Rights Commission Chairperson K. V. Manoj Kumar has come under scrutiny for reportedly traveling exclusively in a rented Innova Crysta instead of using the official vehicle