'ഇത്രയും നാൾ ലേഡീസ് കാർഡ് ഇറക്കി കളിച്ചു, സ്ത്രീകൾക്ക് തന്നെ ഉപദ്രവം ചെയ്ത കമ്മിറ്റി': ആഞ്ഞടിച്ച് ബാബുരാജ്

'അന്‍സിബയുടെ പരാതി കേള്‍ക്കേണ്ടിയിരുന്നത് ശ്വേതയായിരുന്നു. നത്തിങ് ടു ഡു വിത്ത് അമ്മ എന്ന് പറയുന്ന പ്രസിഡന്റിനോട് എന്ത് പറയാനാണ്'

കൊച്ചി: എഎംഎംഎ മുന്‍ പ്രസിഡന്റ് ശ്വേത മേനോന് എതിരെ ആഞ്ഞടിച്ച് നടന്‍ ബാബുരാജ്. ഇത്രയും നാള്‍ ലേഡീസ് കാര്‍ഡ് ഇറക്കി കളിക്കുകയായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. അന്‍സിബ അത് പൊളിച്ചടുത്തി. എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്ന പോലെയാണ് അന്‍സിബ താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞത്. സ്ത്രീകള്‍ക്ക് തന്നെ ഇത്രയധികം ഉപദ്രവം ചെയ്ത ഒരു കമ്മിറ്റിയാണത്. ഭരണസമിതി സ്വയം രാജിവെയ്ക്കുകയായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

ചാരിറ്റബിള്‍ സൊസൈറ്റി ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണിത്. ജനറല്‍ ബോഡി വിളിക്കണമെങ്കില്‍ 21 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെ ഒരു നോട്ടീസ് ലഭിച്ചില്ല. ഭരണസമിതി പാസാക്കാന്‍ ഇരുന്ന കണക്കുകളില്‍ പോലും വ്യക്തതയുണ്ടായിരുന്നില്ല. താന്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് ട്രഷറര്‍ തന്നെപറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും വക്കീല്‍മാരും കയ്യൊഴിഞ്ഞു. ഇത്രയും നാള്‍ ഈ ഭരണസമിതി ഒന്നും ചെയ്തില്ല. ഇനിയും 45 ദിവസം കൂടി നല്‍കാന്‍ പറഞ്ഞാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും ബാബുരാജ് ചോദിച്ചു.

താന്‍ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗം മാത്രമായിരുന്നു. തനിക്കൊരു കമ്മറ്റിയും ഉണ്ടായിട്ടില്ല. സിദ്ദിഖ് രാജിവെച്ച ശേഷമാണ് താന്‍ അവിടേയ്ക്ക് വന്നത്. താന്‍ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമായിരുന്നപ്പോള്‍ എല്ലാ കണക്കുകളും കൃത്യമായി നല്‍കിയിട്ടുണ്ട്. അന്ന് കണക്ക് നോക്കിയ അപ്പു എന്ന് പറഞ്ഞയാള്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. അതുകൊണ്ട് അവന്‍ വന്ന് കണക്കും പറഞ്ഞിട്ടില്ല. ആ കമ്മിറ്റിയില്‍ ഒരാള്‍ പോലും കുറ്റാരോപിതര്‍ ആയിട്ടില്ല. ശ്വേതയ്ക്ക് എന്തും പറയാം. അന്‍സിബയും ഉണ്ണി ശിവപാലും പറയുന്നത് കേള്‍ക്കണം. അന്‍സിബയുടെ പരാതി കേള്‍ക്കേണ്ടിയിരുന്നത് ശ്വേതയായിരുന്നു. നത്തിങ് ടു ഡു വിത്ത് അമ്മ എന്ന് പറയുന്ന പ്രസിഡന്റിനോട് എന്ത് പറയാനാണ്. ഇവിടെ സ്ത്രീ കാര്‍ഡ് അല്ല വേണ്ടത്. സ്ത്രീ എന്നതുകൊണ്ട് മാത്രം കാര്യമില്ല. കപടമാണവര്‍. തങ്ങളായിരുന്നെങ്കില്‍ ടിനിയും അന്‍സിബയും തമ്മിലുള്ള പ്രശ്‌നം നിമിഷ നേരം കൊണ്ട് തീര്‍ക്കുമായിരുന്നു. കോടതി വരെ എത്തിക്കില്ലായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

ശ്വേത അധ്യക്ഷയായിരുന്ന ഭരണസമിതിയുടെ കണക്കുകളില്‍ വ്യക്തതയുണ്ടായിരുന്നില്ലെന്നും കുടുംബ സംഗമം നടത്തിയതിന്റെ കണക്കില്‍ പ്രശ്‌നമുണ്ടെന്നും ബാബുരാജ് പറഞ്ഞു. 67 ലക്ഷം രൂപയുടെ കണക്ക് തനിക്ക് തെറ്റി അയച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് അയച്ചത് തെറ്റി തനിക്ക് വരികയായിരുന്നു. 67 ലക്ഷത്തിന്റെ കണക്ക് ഇവിടെ കിട്ടിയിട്ടില്ല. ഇതേപ്പറ്റി ചോദിക്കുമ്പോഴാണ് പ്രശ്‌നമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlights- Actor Baburaj made strong remarks during the ongoing AMMA controversy, claiming that a committee within the organization caused difficulties for women while accusing others of using a “ladies card.”

To advertise here,contact us