കൊച്ചി: 'അമ്മ' സംഘടനയില്‍ നിന്ന് രാജിവെച്ച പ്രസിഡന്റ് ശ്വേത മേനോനെ പിന്തുണച്ച് അനൂപ് ചന്ദ്രന്. നേതൃത്വം രാജിവെച്ചത് ശരിയായില്ലെന്ന് അനൂപ് ചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. പിഴവുകള്‍ തിരുത്താനുള്ള അവസരം നേതൃത്വത്തിന് നല്‍കണമായിരുന്നുവെന്നും അനൂപ് ചന്ദ്രന് പറഞ്ഞു. കുറ്റാരോപിതര്‍ തിരിച്ചുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
'കൂട്ടമായി ആക്രമിക്കേണ്ടിയിരുന്നില്ല. പരിചയക്കുറവ് കൊണ്ടുവന്ന തെറ്റുകള്‍ ക്ഷമിക്കാമായിരുന്നു. പരിചയക്കുറവ് മാപ്പര്‍ഹിക്കുന്ന കാര്യമാണ്. അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് എത്താതെ ഭരണസമിതിയെ നിലനിര്‍ത്തണമായിരുന്നു. ഗൂഢാലോചനയാണോ നടന്നതെന്ന് അറിയില്ല. എല്ലാവരും എല്ലാം തികഞ്ഞല്ലല്ലോ ഒരു മേഖലയിലേക്ക് വരുന്നത്. അത് തിരുത്താനുള്ള അധ്യാപകന്റെ ജോലിയാണ് ജനറല്‍ ബോഡി ചെയ്യേണ്ടത്. കൂട്ടമായി ആക്രമിച്ച് ഭരണസമിതിയെ വീഴ്ത്തരുതായിരുന്നു. കുറ്റാരോപിതര്‍ തിരിച്ചുവരാതിരിക്കാന്‍ കണ്ണും കാതും തുറന്നിരിക്കുക. അതാണ് അടുത്ത തലമുറയ്ക്ക് കൊടുക്കാനുള്ള സമ്മാനം. അങ്ങനെ നീക്കം വരാതിരിക്കിട്ടെ', അനൂപ് ചന്ദ്രന് പറഞ്ഞു.
അതേസമയം അമ്മ സംഘടനയിലെ ഭരണസമിതി മുഴുവന്‍ രാജിവെച്ചതിന് പിന്നാലെ ഇനി നയിക്കുക അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. രമേഷ് പിഷാരടി എംഎല്‍എയായിരിക്കും അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷന്‍. രമേഷ് പിഷാരടിക്ക് പുറമേ കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, ആശ അരവിന്ദ്, ഷാജോണ്‍, കൃഷ്ണ പ്രഭ, ദേവി ചന്ദന എന്നിവരുമായി ചര്‍ച്ച നടത്തുന്നു. നടന് ജഗദീഷാണ് ചര്‍ച്ച നടത്തുന്നത്.
ഇന്ന് ചേര്‍ന്ന 'അമ്മ' ജനറല്‍ ബോഡി യോഗം വളരെ നാടകീയതയോടെയാണ് അവസാനിച്ചത്. അമ്മയിലെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോന് പ്രഖ്യാപിച്ചു. ശ്വേത മേനോന് പുറമേ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്, ട്രഷറര്‍ ഉണ്ണി ശിവപാല്‍, ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന്, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയ, ജയന് ചേര്‍ത്തല, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹന്‍, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ്, ജോയ് മാത്യു, അഞ്ജലി നായര്‍, ആശാ അരവിന്ദ്, കൈലാഷ് എന്നിവരാണ് ഇന്ന് രാജിവെച്ച ഭരണസമിതിയിലെ അംഗങ്ങള്‍. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന് നേരത്തെ രാജിവെച്ചിരുന്നു.
Content Highlights: Anoop Chandran has publicly backed Swetha Menon after her resignation from AMMA, as discussions continue over the recent turmoil within the organization