കൊച്ചി: 'അമ്മ' ഭരണസമിതി രാജിവെച്ചതിൽ പ്രതികരണവുമായി നടിയും ഭരണസമിതി വൈസ് പ്രസിഡന്റുമായ ലഷ്മിപ്രിയ. അമ്മ സംഘടനയിൽ സംഭവിച്ചതിനെല്ലാം മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ലഷ്മിപ്രിയ പറഞ്ഞു. താൻ യൂട്യൂബർമാർക്കെതിരെ പരാതി നൽകിയത് സംബന്ധിച്ച പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ വളച്ചൊടിച്ചെന്ന് ലഷ്മിപ്രിയ ആരോപിച്ചു. ഒരു ഭാഗം മാത്രം കേട്ട് നമുക്ക് പറയാനുളളത് എന്താണെന്ന് മനസിലാക്കാത്ത സിസ്റ്റത്തിന്റെ ഭാഗമായിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളും സംഘടനാപരമായ പ്രശ്നങ്ങളും രണ്ടും രണ്ടാണെന്ന് മനസിലാക്കാനുളള വിവേചനപരമായ ബുദ്ധി ഉണ്ടാകണമെന്നും ലഷ്മിപ്രിയ പറഞ്ഞു.
'ഇപ്പോള്‍ സംഭവിച്ചതിനെല്ലാം മാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കുറച്ച് യൂട്യൂബര്‍മാരും പണ്ട് സംവിധായകരായിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് യൂട്യൂബര്‍മാര്‍ക്കുമെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. ആ പോസ്റ്റ് എന്താണെന്ന് മനസിലാക്കുക പോലും ചെയ്യാതെ മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചു. ഗൂഢാലോചനകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നതിന് നിങ്ങളും ഉത്തരവാദികളാണ്. ഗൂഢാലോചന എന്നൊന്നും പറയുന്നില്ല. പക്ഷെ ഒരു ഭാഗം മാത്രം കേട്ടിട്ട് നമുക്ക് പറയാനുളളത് എന്താണെന്ന് പോലും മനസിലാക്കാത്ത സിസ്റ്റത്തിന്റെ ഭാഗമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭരണസമിതി കയറിയത് മുതല്‍ ഇന്നലെ വരെയുളള ബില്ലുകള്‍ കൈവശമുണ്ടെന്ന് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയും. അങ്ങനെ ഈ സംഘടനയ്ക്ക് സാമ്പത്തിക തട്ടിപ്പ് നടത്താനൊന്നും കഴിയില്ല. വ്യക്തിപരമായ പ്രശ്നങ്ങളും സംഘടനാപരമായ പ്രശ്നങ്ങളും രണ്ടും രണ്ടാണെന്ന് മനസിലാക്കാനുളള വിവേചനപരമായ ബുദ്ധി ഉണ്ടാകണം': ലഷ്മിപ്രിയ പറഞ്ഞു.
ശ്വേതാ മേനോൻ രാജിവെച്ചതുപോലെ മറ്റുളളവരായിരുന്നു രാജിവെച്ച് കാണിക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത് . സംഘടനയിൽ സ്ത്രീകൾക്ക് നിലനിൽക്കാൻ കഴിയാത്ത സാഹചര്യമില്ലെന്നും സ്ത്രീകൾ സ്ത്രീകളായി തന്നെ പെരുമാറണം, അപ്പോൾ നിലനിൽക്കുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഭരണസമിതിക്ക് ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ടെന്നും കാര്യങ്ങൾ പഠിച്ച് സംസാരിക്കാൻ വിവരമുളള ചലച്ചിത്ര ലോകത്തെപ്പറ്റി ആധികാരികമായി നല്ല ഭാഷയിൽ സംസാരിക്കാൻ അറിയാവുന്നവരെ ഭരണസമിതിയിൽ വയ്ക്കണമെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു. സാമ്പത്തിക ആരോപണങ്ങളിൽ രാജിവയ്ക്കേണ്ടത് സെക്രട്ടറിയും ട്രഷററുമാണെന്നും അവർ അത് ചെയ്യാത്തതുകൊണ്ട് ഒട്ടിപ്പിടിച്ച് നിൽക്കേണ്ട എന്ന് തോന്നിയാകണം ശ്വേതാ മേനോൻ രാജിവെച്ചതെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
'ഭരണസമിതിക്ക് ഒരുപാട് തെറ്റുപറ്റിയിട്ടുണ്ട്. മിണ്ടാതെ, ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത എന്നിലാണ് തുടങ്ങുന്നത്. മല്ലികചേച്ചി ലൂസ് ടോക്കറാണെന്ന് കുക്കു പരമേശ്വരന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്. ഞാന്‍ ആ കെട്ടിടമേ കണ്ടിട്ടില്ല. കാണാതെ, കേള്‍ക്കാതെ അഭിപ്രായങ്ങള്‍ പറഞ്ഞ് പറഞ്ഞ് എല്ലാവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായി. കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന, വിവരമുളള, ചലച്ചിത്ര ലോകത്തെപ്പറ്റി ആധികാരികമായി നല്ല ഭാഷയില്‍ സംസാരിക്കാന്‍ അറിയാവുന്നവരെ ഭരണസമിതിയില്‍ വയ്ക്കണം. പെണ്ണുങ്ങള് വളരെ കുറവാ. ഇല്ല എന്ന് തന്നെ പറയാം. കണക്കിന്റെ പൊരുത്തക്കേട് പറഞ്ഞ് വല്ലായ്മ തോന്നിയാണ് ശ്വേത ഇറങ്ങിയത്. രാജിവയ്ക്കേണ്ടത് സെക്രട്ടറിയും ട്രഷററുമാണ്. അവരത് ചെയ്യാത്തതുകൊണ്ട് ഒട്ടിപ്പിടിച്ച് നില്‍ക്കേണ്ട എന്ന് ശ്വേതയ്ക്ക് തോന്നിക്കാണണം. മുതിര്‍ന്ന നടന്മാര് മൗനം പാലിച്ചിട്ട് കാര്യമില്ല. ഒരുപാട് പേര് സിനിമയൊന്നും ഇല്ലാത്ത പാവപ്പെട്ടവരുണ്ട്. അവർക്കൊക്കെ ആനുകൂല്യങ്ങള്‍ കിട്ടണമെങ്കില്‍ സംഘടന നന്നായി നയിക്കണം. സംഘടന നിലനില്‍ക്കണം. നന്നായി നയിക്കുന്നവരോട് ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്ന പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്': മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.
അൽപ്പസമയം മുൻപാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന് നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വരും. അഡ്ഹോക് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ജനറല്‍ ബോഡി തീരുമാനിക്കും. സ്ഥിരം സമിതി തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
Content Highlights: AMMA Dispute: Media Has a Role in What Happened says Lakshmipriya; Executive Committee Erred admits Mallika Sukumaran