വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മന്ത്രി എം ലിജു

കേരള ജനതയ്ക്ക് ഗുണകരമായ മദ്യനയം മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കൂ എന്നും മന്ത്രി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിപണിയില്‍ ഇറക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിനായി 2023ല്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തി. പോയിന്റ് അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെയുള്ള വീര്യം കുറഞ്ഞ മദ്യമായി ക്ലാസിഫൈ ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അതിന് ശേഷം 2025ല്‍ മറ്റൊരു ഭേദഗതിയും വരുത്തി. അതേ എല്‍ഡിഎഫിലെ നേതാക്കളാണ് ഇപ്പോള്‍ നടപടിയെ കുറ്റപ്പെടുത്തുന്നത്. ഇതിന് പിന്നിലെ സാംഗത്യമെന്താണെന്ന് മന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിഷയത്തില്‍ എക്‌സൈസ് വകുപ്പിന് പ്രത്യേക തീരുമാനങ്ങള്‍ ഒന്നുമില്ല. നിലവില്‍ സാമ്പത്തിക തീരുമാനമാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. അതല്ലാതെ മറ്റൊരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എക്‌സൈസ് വകുപ്പിനെ സംബന്ധിച്ച് വിഷയത്തില്‍ നയപരമായ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. നിയമസഭ സമ്മേളനത്തിന് ശേഷം കാര്യമായ അബ്കാരി നയത്തെ സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് വകുപ്പിന്റെ തീരുമാനം. എല്ലാവരുടെയും അഭിപ്രായം തേടും. കേരള ജനതയ്ക്ക് ഗുണകരമായ മദ്യനയം മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കൂ എന്നും എം ലിജു പറഞ്ഞു.

ജവാന്‍ നിര്‍മ്മാണം കുറഞ്ഞത് കെടുകാര്യസ്ഥതയുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന് വീഴ്ച ഉണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് ഒരു മാസം മുന്‍പ് തന്നെ ജവാന്റെ നിര്‍മ്മാണം നിലച്ചുതുടങ്ങി. ജവാന്റെ രണ്ട് തരം കുപ്പികളാണ് സംസ്ഥാനത്ത് ഉള്ളത്. ഒന്ന് 750 എംഎല്ലും രണ്ട് ആയിരം എംഎല്ലും. ഏപ്രിലില്‍ 20 ന് തന്നെ 750 എംഎല്ലിന്റെ നിര്‍മ്മാണം നിലച്ചു. അതിന് മൂന്ന് മാസം മുന്‍പ് ജവാന്‍ 750 എംഎല്‍ കുപ്പികള്‍ നല്‍കുന്ന ടെന്‍ഡര്‍ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് മൂന്ന് മാസം നീട്ടികൊടുത്തു. നീട്ടികൊടുത്തിട്ടും ടെന്‍ഡര്‍ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ 750 എംഎല്‍ കുപ്പികള്‍ ലഭിച്ചിരുന്നില്ല. ഏപ്രില്‍ 20 മുതല്‍ 750 എംഎല്ലിന്റെ നിര്‍മ്മാണം നടന്നില്ല. ജൂണ്‍ മാസം 11-ാം തീയതി മുതല്‍ ആയിരം എംഎല്ലിന്റെ ചെറിയ ലഭ്യത കുറവുണ്ട്. കാര്‍ട്ടണ്‍ ബോക്‌സുകളുടെ ലഭ്യത കുറവും സ്റ്റിക്കറുകളുടെ നിര്‍മ്മാണം നടക്കാത്തതും അടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം ആയിരം എംഎല്ലിന്റെയും നിര്‍മ്മാണവും നിലച്ചു. ബെവ്‌കോയോ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് മാനേജ്‌മെന്റോ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. സാമ്പത്തിക നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍മ്മാണം ഉടന്‍ പുനഃരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് 'ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്' എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. 0.5 മുതല്‍ 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120 ശതമാനം, 10-20 ശതമാനം വരെ വീര്യമുളളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യ വില്‍പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്‍കേണ്ടിയിരുന്നതിനാല്‍ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല. പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എന്നായിരുന്നു മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പിന്നില്‍ കര്‍ണാടക മദ്യലോബിയാണെന്നും എം ബി രാജേഷ് പറഞ്ഞിരുന്നു.

Content Highlights- Minister M Liju said that the government has not yet made a decision on whether to permit the sale of low-alcohol beverages.

To advertise here,contact us