എബോള ഭീതി ഒഴിയുന്നു; നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിയുടെ ഫലം നെഗറ്റീവ്

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു

കോട്ടയം: സംസ്ഥാനത്ത് എബോള നിരീക്ഷണത്തിലിരുന്ന രോഗിയുടെ ഫലം നെഗറ്റീവ്. സൗത്ത് സുഡാനില്‍ നിന്ന് കേരളത്തിലെത്തിയ കോട്ടയം സ്വദേശിയായ സ്ത്രീയുടെ ഫലമാണ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. ഫലം നെഗറ്റീവ് ആയതോടെ എബോള സംശയിച്ച് ആശുപത്രയില്‍ കഴിഞ്ഞ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസ്സുകാരിയാണ് എബോള സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കണക്ഷന്‍ ഫ്‌ലൈറ്റിന് ഉഗാണ്ടയില്‍ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛര്‍ദിയും ഷുഗര്‍ ഉയര്‍ന്ന നിലയിലുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉഗാണ്ട വഴി എത്തിയെന്ന പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

എബോള വൈറസ് വ്യാപനം

വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ രോഗം പകരാം. കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങള്‍

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരില്‍ രോഗാവസ്ഥ കുറച്ചു ദിവസങ്ങള്‍കൊണ്ട് തനിയെ മാറുന്നു. എന്നാല്‍ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ചിലരില്‍ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

Content Highlights: The Ebola scare has eased after a Kottayam resident under observation tested negative, health authorities confirmed.

To advertise here,contact us