ഫിലിം സിറ്റി പ്രഖ്യാപനം; സിനിമാ പ്രവർത്തകരുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ച സർക്കാരിന് അഭിവാദ്യങ്ങൾ: ടൊവിനോ

ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു

കൊച്ചി: ബജറ്റിലെ ഫിലിം സിറ്റി നിര്‍മിക്കുമെന്ന പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും സര്‍ക്കാരിനും നന്ദി അറിയിച്ച് നടന്‍ ടൊവിനോ തോമസ്. സിനിമാപ്രവര്‍ത്തകര്‍ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചത് ഈ മേഖലയില്‍ പണിയെടുക്കുന്ന അനേകായിരം പേര്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

'ജെ സി ഡാനിയേല്‍ ഫിലിം സിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കല്‍ക്കൂടി അഭിവാദ്യങ്ങള്‍', ടൊവിനോ തോമസ് പറഞ്ഞു.

മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തി. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ ഇത് കുറിച്ചത്.

'പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി', മോഹന്‍ലാല്‍ പ്രതികരിച്ചു.

മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ സി ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്‍ക്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന് നടന്‍ പ്രിഥ്വിരാജും പ്രതികരിച്ചു. ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്‌ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുള്‍പ്പെടെ സിനിമയ്ക്ക് നല്‍കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ മലയാള സിനിമയ്ക്ക് വലിയ ഉണര്‍വേകുന്ന പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെ സി ഡാനിയേല്‍ ഇന്റര്‍ നാഷണല്‍ ഫിലിം സിറ്റി -ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. സിനിമയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കുന്നതിനും ആന്റി പൈറസ് സെല്‍ രൂപീകരിക്കലും ദേശീയ അന്തര്‍ദേശീയ അനുയോജ്യ അന്തരീക്ഷം രൂപപ്പെടുത്തലും പദ്ധതിയിലുണ്ട്.

തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളല്‍, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗംകളി, ഐനിപ്പാട്ട്, ഗോത്രകലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ലൈബ്രറി, തിയറ്റര്‍, ആര്‍ട് ഗ്യാലറി, ചരിത്ര മ്യൂസിയം. സാഹിത്യഭാഷാ മ്യൂസിയം, എഴുത്തുകാരുടെയും മറ്റ് പ്രതിഭകളുടേയും ശബ്ദ മ്യൂസിയം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ഇടങ്ങള്‍, വിശ്രമ വേളകള്‍ കുടുംബവുമായി ചെലവഴിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങള്‍, ഫുഡ്കോര്‍ട്ടുകള്‍, പുസ്തക ശാലകള്‍ എന്നിവ ഇതില്‍ സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. അന്തരിച്ച നടന്‍ സലീം കുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി ഒരു കോടി വകയിരുത്തി.

Content Highlights: Following the budget announcement of a Film City project, actor Tovino Thomas expressed gratitude to Chief Minister V. D. Satheesan and the state government for the initiative

To advertise here,contact us