തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു. പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് നവഭാവുകത്വത്തിന് വഴിതെളിച്ച കലാകൗമുദി വാരികയുടെ എഡിറ്ററും കേരളകൗമുദി ദിനപത്രത്തിൻ്റെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു എൻആർഎസ് ബാബു. പ്രസ് ക്ലബ് ഹോണററി അംഗവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. കേരളത്തിലെ ആദ്യ മൾട്ടിമീഡിയ സോഫ്റ്റ്വെയർ കമ്പനികളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയയുടെ ചെയർമാനാണ്.
എം എസ് മണിക്കും എസ് ജയചന്ദ്രൻ നായർക്കും ഒപ്പം ചേർന്ന് മലയാളികളുടെ അതുവരെയുണ്ടായിരുന്ന മാധ്യമശീലത്തെ മാറ്റിമറിച്ച കലാകൗമുദി വാരികയുടെ മുന്നണിയിൽ പ്രവർത്തിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് കേരളത്തിൽ തുടക്കം കുറിച്ചവരിൽ പ്രധാനിയെന്ന നിലയിൽ കണക്കാക്കപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് എൻആർഎസ് ബാബു. എം എസ് മണി, എസ് ജയചന്ദ്രൻ നായർ എന്നിവരോടൊപ്പം ചേർന്ന് തയ്യാറാക്കിയ 'കാട്ടുകള്ളന്മാർ' എന്ന അന്വേഷണാത്മക പരമ്പര കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പരമ്പര അന്നത്തെ അച്യുതമേനോൻ ഗവൺമെന്റിനെ പ്രകോപിപ്പിച്ചു. പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനെയും വനം മന്ത്രിയായിരുന്ന കെ ജി അടിയോടിയെയും ഈ സംഭവം പ്രകോപിപ്പിച്ചിരുന്നു. പത്രപ്രവർത്തനത്തിനു പുറമെ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'മായത്ത കഥകൾ', 'ആരും പറയാത്ത മഹാകഥകൾ' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.
Content Highlights: Senior journalist NRS Babu has passed away, leaving behind a remarkable legacy in the media industry. Colleagues, readers, and well-wishers mourn the loss of the veteran journalist.