കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്ന ഡോ. എംകെ റാമിന്റെ വാദവും കോടതി തള്ളി വിദ്യാര്‍ഥികള്‍ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതില്‍ കഴമ്പുണ്ടെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കമ്മീഷനും സര്‍ക്കാരും ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു. മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോണ്‍ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് റാം വാദിക്കുന്നു. തനിക്ക് മരണത്തില്‍ പങ്കില്ലെന്നും വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് തള്ളി വിടാനോ ഉള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റാം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
അന്വേഷണവുമായി സഹകരിക്കാമെന്നും എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായി സ്വാധീനമുള്ള യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമം. അതിന് തന്നെ ബലിയാടാക്കുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഒരു വിഭാഗം തനിക്കെതിരെ സമ്മര്‍ദം ചെലുത്തുന്നു. താന്‍ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
Content Highlights: Kerala High Court has denied anticipatory bail to Dr. M.K. Ram in connection with the death of Nithin Raj