ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

ജെഎന്‍യു മോഡലില്‍ ഇന്ത്യയുടെ പരിച്ഛേദമായി ക്യാമ്പസുകളെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം ബജറ്റില്‍ റാഗിങ് തടയാനുളള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥന്റെ പേരിലാണ് പദ്ധതി. ക്യാമ്പസുകളില്‍ റാഗിങ് തടയാന്‍ സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് മുന്‍ഗണന നല്‍കുമെന്നും ജെഎന്‍യു മോഡലില്‍ ഇന്ത്യയുടെ പരിച്ഛേദമായി ക്യാമ്പസുകളെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ കോളേജുകളില്‍ റാഗിങ് തടയുന്നതിനായി ഡിസ്ട്രസ് ആപ്പ് പുറത്തിറക്കും. അതിനോടൊപ്പം സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് എന്ന പേരില്‍ പുതിയ നിയമം നടപ്പാക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളില്‍ ഓംബുഡ്‌സ്മാന്‍ സംവിധാനവും അമിത രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ അക്കാഡമിക് കൗണ്‍സിലും രൂപീകരിക്കും. ബിരുദധാരികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

2024 ഫെബ്രുവരിയിലാണ് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നതായി കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് സ്ഥിരീകരിച്ചിരുന്നു.

സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിങ് തടയാനുളള പദ്ധതി ആരംഭിക്കാനുളള ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിദ്ധാര്‍ത്ഥന്റെ അമ്മ രംഗത്തെത്തി. തീരുമാനത്തില്‍ വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും സിദ്ധാര്‍ത്ഥന്റെ അമ്മ പറഞ്ഞു. ക്യാമ്പസുകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്നുപറയാന്‍ കഴിയാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും അതിനെല്ലാം ഒരു അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഞങ്ങളെപ്പോലുളള മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമാകും. പ്രശ്‌നങ്ങള്‍ പുറത്തുപറയാനുളള ധൈര്യം കുട്ടികള്‍ക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നു. മകന്റെ പേരില്‍ ഇത്തരമൊരു ആക്ട് വന്നത് അനുഗ്രഹമാണ്. കാലാകാലങ്ങളോളം അവന്റെ പേര് നിലനില്‍ക്കും. അവന്‍ ഇതറിഞ്ഞ് സന്തോഷിക്കുന്നുണ്ടാകാം': സിദ്ധാര്‍ത്ഥിന്റെ അമ്മ പറഞ്ഞു. മകന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നും കാലതാമസം ഉണ്ടാകുംതോറും ശിക്ഷയില്‍ ഇളവ് വരുമെന്നും അവര്‍ പറഞ്ഞു. പല ഭീഷണികള്‍ ഉണ്ടായിട്ടും അതിലൊന്നും വഴങ്ങാതെയാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും സിദ്ധാര്‍ത്ഥിന്റെ അമ്മ വ്യക്തമാക്കി.

Content Highlights: Anti-Ragging Act In a major move to curb campus ragging, Kerala Budget 2026 introduces a special scheme to implement the Siddharth Anti-Ragging and Students' Welfare Act

To advertise here,contact us