ബജറ്റ് സൗജന്യ ചികിത്സയെ അട്ടിമറിക്കുന്നത്; വിമര്‍ശനവുമായി വീണ ജോര്‍ജ്

സൗജന്യ ചികിത്സക്കായുള്ള ഫണ്ട് വകയിരുത്തല്‍ ഇടതു സര്‍ക്കാറിന്റെ ബജറ്റിനേക്കാള്‍ 200 കോടി രൂപ കുറവാണ്

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിനെതിനെ വിമര്‍ശനവുമായി മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സൗജന്യ ചികിത്സയെ അട്ടിമറിക്കുന്നതാണ് ബജറ്റ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമര്‍ശനം.

സൗജന്യ ചികിത്സക്കായുള്ള ഫണ്ട് വകയിരുത്തല്‍ ഇടതു സര്‍ക്കാറിന്റെ ബജറ്റിനേക്കാള്‍ 200 കോടി രൂപ കുറവാണ്. ഇത് ആശങ്ക സൃഷ്ടിക്കുന്നു. 25 ലക്ഷം രൂപ സൗജന്യ ചികിത്സ പദ്ധതിക്കായി യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 10 കോടി രൂപ മാത്രമാണെന്നും വീണ ജോര്‍ജ് വിമര്‍ശിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി. ഫെബ്രുവരിയിലെ ബജറ്റില്‍ 900 കോടി രൂപ സൗജന്യ ചികിത്സക്കായി വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 700 കോടി രൂപ മാത്രമണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. അതേസമയം സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ബന്ധപ്പെട്ട പദ്ധതികള്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും മുന്‍ ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വിഹിതം എല്‍ഡിഎഫ് സര്‍ക്കാരിനേക്കാള്‍ കുറവാണെന്ന വിമര്‍ശനവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

വീണ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

"സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്."

25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യു ഡി എഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.

എൽ ഡി എഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് നൽകി വന്നു. 42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോ​ഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എൽഡിഎഫ് വകയിരുത്തിയിരുന്നത്. യു ഡി എഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കിൽ അവർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ. അതായത് എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി ബജറ്റിൽ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.

സൗജന്യ ചികിത്സയ്ക്കായി നിലവിൽ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം.

എൽ ഡി എഫ് സർക്കാർ ബജറ്റിൽ ആരോ​ഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം.

Content Highlights:Veena George has criticized the budget, saying it undermines Kerala’s free healthcare system by reducing support for public hospitals, medicines, and essential health services, sparking debate over health sector priorities.

To advertise here,contact us