'മുനമ്പം വഖഫ് ഭൂമി തന്നെ'; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് വഖഫ് ബോര്‍ഡ്

യോഗത്തിലെ തീരുമാന പ്രകാരമാണ് ബുധനാഴ്ച വൈകീട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്

കൊച്ചി: മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് സംസ്ഥാന വഖഫ് ബോര്‍ഡ്. തര്‍ക്ക ഭൂമിയാണെന്ന കേന്ദ്രവാദം തള്ളിയാണ് കത്തയച്ചിരിക്കുന്നത്. ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ തെറ്റില്ലെന്നും മുനമ്പം വഖഫ് രജിസ്റ്ററില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നെന്നും കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വഖഫായി കണ്ടെത്തിയതാണ് മുനമ്പം ഭൂമിയെന്നും സിഇഒ സിഎ മഞ്ജുവിന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് തീരുമാനപ്രകാരമാണ് കത്ത് അയച്ചിരിക്കുന്നത്.

തര്‍ക്ക ഭൂമി എങ്ങനെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ചോദ്യം. എന്നാല്‍ തര്‍ക്ക ഭൂമിയെന്ന വാദത്തെ പൂര്‍ണമായി തള്ളിക്കൊണ്ട് ഭൂമിയുടെ ഉടമ ഫറൂഖ് കോളേജിന് ഇത് വഖഫായി നല്‍കിയതാണെന്നും കത്തിലുണ്ട്. പറവൂര്‍ കോടതി ഇത് വഖഫായി കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇത് വഖഫായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അതുകൊണ്ട് വഖഫ് ഭൂമിയാണെന്നതില്‍ തര്‍ക്കമില്ലെന്നും രേഖപ്പെടുത്തിക്കൊണ്ടാണ് പുതിയ സിഇഒ സിഎ മഞ്ജു കത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ തീരുമാന പ്രകാരമാണ് ബുധനാഴ്ച വൈകിട്ട് സിഎ മഞ്ജു കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. വഖഫ് ഭൂമിയാണ് മുനമ്പത്തേതെന്ന് പറയുകയും തര്‍ക്കഭൂമിയെന്ന വാദം പൂര്‍ണമായും നിരാകരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം കേസ് നിലനില്‍ക്കുന്നുവെന്ന വസ്തുത കത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. പുതിയ സര്‍ക്കാരും സിഇഒ വന്നിട്ടും മുനമ്പത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നാണ് കത്തില്‍ നിന്നും വ്യക്തമാകുന്നത്.

Content Highlights: The Waqf Board has written to the Central Government asserting that the disputed land in Munambam is Waqf property

To advertise here,contact us