'രക്ഷാപ്രവർത്തന'ക്കേസ്; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ്

ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ വിധി പറഞ്ഞത്

ആലപ്പുഴ: ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തന' കേസില്‍ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എസ്‌ഐടി നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. കേസിലെ പരാതിക്കാരായ ആലപ്പുഴ എംഎല്‍എ എഡി തോമസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യൂവല്‍ കുര്യാക്കോസിനും ഹൈക്കോടതി നോട്ടീസയച്ചു. പ്രതികള്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ ഈ മാസം 27ന് മറുപടി നല്‍കണം.

ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ വിധി പറഞ്ഞത്. പിണറായി വിജയന്റെ ഗണ്‍മാനായിരുന്ന അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ എസ് സന്ദീപ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവരാണ് കേസിലെ അഞ്ച് പ്രതികള്‍. ആലപ്പുഴ എംഎല്‍എ എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജൂണ്‍ ഒന്‍പതിന് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വേണ്ടത് തെളിവ് കണ്ടെത്താന്‍ ആണെന്ന പ്രോസിക്യൂഷന്‍ വാദവും സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദങ്ങള്‍ തള്ളിയായിരുന്നു കോടതിയുടെ നടപടി. സര്‍ക്കാര്‍ സ്വാധീനത്തോടെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം ശരിയല്ലെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു അതിനുള്ള സാധ്യതയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരും സുരക്ഷാ ജീവനക്കാരും മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു സംഭവത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ജൂണ്‍ പതിനൊന്നിന് അഞ്ചുപേരും ചോദ്യം ചെയ്യലിന് എസ്ഐടിക്ക് മുന്നില്‍ ഹാജരായിരുന്നു. ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്.

Content Highlights: Notices have been issued to five accused in the case related to the alleged assault on Youth Congress workers during the Navakerala Yatra in Alappuzha involving security personnel

To advertise here,contact us