ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; എം ആർ അജിത് കുമാർ മുൻപ് ഇരുന്ന ഓഫീസില്‍ പരിശോധന

ADGP യുടെ ഓഫീസിലെയും പൊലീസ് ക്ലബ്ബിലെയും CCTV പരിശോധിച്ചു

ആലപ്പുഴ: നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടികാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ ഓഫീസില്‍ പരിശോധന. എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മുമ്പത്തെ ഓഫീസിലാണ് പരിശോധന നടത്തിയത്. ഇന്നലെയായിരുന്നു എസ്‌ഐടി പരിശോധന നടത്തിയത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലായിരുന്നു പരിശോധന നടന്നത്.

ഓഫീസിലെ സന്ദര്‍ശക രജിസ്റ്റര്‍ എസ്‌ഐടി പരിശോധിച്ചു. എഡിജിപിയുടെ ഓഫീസിലെയും പൊലീസ് ക്ലബ്ബിലെയും സിസിടിവി പരിശോധിച്ചു. പേരൂര്‍ക്കട അഗസ്ത്യ പൊലീസ് ക്ലബ്ബിലായിരുന്നു സിസിടിവി പരിശോധിച്ചത്.

അതേസമയം പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എസ്ഐടി നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. കേസിലെ പരാതിക്കാരായ ആലപ്പുഴ എംഎല്‍എ എഡി തോമസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യൂവല്‍ കുര്യാക്കോസിനും ഹൈക്കോടതി നോട്ടീസയച്ചു. പ്രതികള്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ ഈ മാസം 27ന് മറുപടി നല്‍കണം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരും സുരക്ഷാ ജീവനക്കാരും മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു സംഭവത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ജൂണ്‍ പതിനൊന്നിന് അഞ്ചുപേരും ചോദ്യം ചെയ്യലിന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരായിരുന്നു. ഓരോരുത്തരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്.

Content Highlights: Authorities conducted an inspection at the ADGP’s office as part of the investigation into a case involving alleged assault by gunmen

To advertise here,contact us