തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ മാറ്റി നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കെ ജെ റീനയുടെ പരാതി പരിഗണിച്ചാണ് നടപടി. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയിൽ റീന ചൂണ്ടിക്കാണിച്ചിരുന്നത്.
നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ സർക്കാർ പിഴവ് തിരുത്തിയിരുന്നു. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കെ ജെ റീനയെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. നിപ പോലൊരു സാഹചര്യത്തില്‍ കെ ജെ റീന 15 ദിവസം അവധിയെടുത്തെന്ന് ആരോപിച്ചായിരുന്നു സ്ഥലം മാറ്റിയത്. എന്നാല്‍ റീന 15 ദിവസം അവധിയെടുത്തില്ലെന്നും രണ്ടര ദിവസം മാത്രമാണ് അവധി എടുത്തതെന്നുമുള്ള രേഖ റിപ്പോര്‍ട്ടര്‍ പുറത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉത്തരവ് തിരുത്തിക്കൊണ്ടുള്ള നടപടി സർക്കാർ സ്വീകരിച്ചത്.
തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്നും റീന റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. 'ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് അയച്ചിട്ടാണ് രണ്ടര ദിവസം അവധിയെടുത്തത്. അതെങ്ങനെ 15 ദിവസം എന്ന് കാണിച്ചു. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ശബരിമലയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് പറഞ്ഞിട്ടില്ല. ഇതൊരു നടപടിയായി തോന്നുന്നു', എന്നായിരുന്നു റീനയുടെ പ്രതികരണം.
ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ നേരത്തെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് സ്ഥലം മാറ്റിയത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിലെന്ന് വാർത്തകളുണ്ടായിരുന്നു. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കായിരുന്നു സർക്കാർ താത്കാലിക ചുമതല നൽകിയത്.
Content Highlights: The court has stayed the Health Department's order removing Dr. K.J. Reena from the Director of Health Services (DHS) post, dealing a setback to the department's decision.