ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; യുവതി അപകട സൂചന നൽകിയതായി ബന്ധുക്കൾ

വീട്ടില്‍ നിന്നും ദിവസവും നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോയിരുന്നത്

ഗവി: പത്തനംതിട്ടയിലെ ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. താന്‍ അപകടത്തിലാണെന്ന സൂചന യുവതി ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്ന് വിവരം. സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ഫോൺ പെട്ടെന്ന് കട്ടായതോടെ വന്യജീവി ആക്രമണമാണെന്ന് ബന്ധുക്കൾ സംശയിച്ചു. ഇതോടെ അങ്കണവാടിയിലേക്കുള്ള മൂന്നു കിലോമീറ്ററോളം ദൂരം ബന്ധുക്കള്‍ യുവതിയെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അങ്കണവാടിയ്ക്ക് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തുകയാണ് ഉണ്ടായത്. ഉടൻ തന്നെ മൂഴിയാർ പൊലീസിൽ വിവരം അറിയിച്ചു.

ഇതിനിടെ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലം പ്രയോഗിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയതായുള്ള വിവരം പൊലീസിന് ലഭിച്ചു. കൂടാതെ പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസില്‍ കയറി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും ദൃക്സാക്ഷിയെന്ന് കരുതുന്നയാൾ പൊലീസിനെ അറിയിച്ചിരുന്നു. വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും സന്ദേശം കൂടി ലഭിച്ചതോടെ പൊലീസ് പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു.

പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന സംശയമാണ് ഉയരുന്നത്. വീട്ടില്‍ നിന്നും ദിവസവും നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോയിരുന്നത്. മൂന്ന് വർഷത്തിലധികമായി യുവതി അങ്കണവാടിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് കിലോമീറ്റർ ദൂരമാണ് യുവതിയുടെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്കുള്ളത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്കൊപ്പം ഒരു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയും ഉണ്ടെന്നാണ് വിവരം. കുട്ടിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പത്തനംതിട്ട എസ് പി ഉടന്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തും. രണ്ട് മണിക്കൂറോളമായി ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതുവരെയും സംഭവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യാതൊരു മൊഴിയും നൽകിയിട്ടില്ല. ഒപ്പമുണ്ടായിരുന്ന കുട്ടിയെ മാറ്റി നിർത്തിയ ശേഷമാണ് സംഭവം നടന്ന ഇടത്തേക്ക് ഇയാൾ പോയതെന്നാണ് ദൃക്സാക്ഷി നൽകിയ വിവരം.

പ്രദേശത്തെ മീനാര്‍ മൂന്ന് ഷെഡ് വളവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. സംഭവത്തില്‍ മൂഴിയാര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlights: Relatives allege the Anganwadi worker found dead in Gavi had given indications of being attacked prior to her death

To advertise here,contact us