തിരുവനന്തപുരം: പിഎം ശ്രീക്കുവേണ്ടി മുന്‍ സര്‍ക്കാര്‍ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം വസ്തുതാവിരുദ്ധവും കള്ളവുമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിഎം ശ്രീ നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയാണ് കേന്ദ്രത്തിനെ ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീയില്‍ ഒരു കാശ് പോലും ഇടതു സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കാര്യങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. രണ്ട് കത്തുകളാണ് നല്‍കിയത്. ആദ്യം പിഎം ശ്രീയെ അനുകൂലിച്ച് കത്ത് കൊടുത്തു. തുടര്‍ന്ന് മന്ത്രിസഭ കൂടി പദ്ധതിയെ കുറിച്ച് പഠിക്കണമെന്ന് തീരുമാനിച്ചു. രണ്ടാമത് പദ്ധതി മാറ്റിവെക്കണമെന്ന് കാണിച്ച് കത്ത് കൊടുത്തു. മുഖ്യമന്ത്രി പറഞ്ഞത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു,' ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് വ്യക്തമാക്കുന്ന തെളിവ് റിപ്പോർട്ടറിന് കിട്ടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് പിഎം ശ്രീ നടപ്പാനാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ച് കത്ത് അയച്ചിരുന്നു. മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് അയച്ച കത്താണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്.
പിഎം ശ്രീ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ആശങ്ക പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെന്നും സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാനാകില്ലെന്നും കത്തില്‍ പറയുന്നു. അതിനാല്‍ പി എം ശ്രീ നടപ്പാക്കുന്നത് താല്കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ തുടര്‍ നടപടികള്‍ ആലോചിക്കൂവെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുനെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന് പറഞ്ഞു.
'കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണ്. 99 കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ് ഇതുമായി ബന്ധപ്പെട്ട ആശയപരമായ എതിര്‍പ്പ്. പദ്ധതികള്‍ നടപ്പിലാക്കുന്ന സ്കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നതാണ് മറ്റൊരു നിബന്ധന', മുഖ്യമന്ത്രി വിശദീകരിച്ചു.
Content Highlights: Former Education Minister V Sivankutty has termed Chief Minister V D Satheesan's claim that the previous government accepted funds for the PM SHRI scheme