തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം മാത്രമല്ലെന്നും കോണ്‍ഗ്രസ് ബിജെപി ഡീലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്. ഇതിലൂടെ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി ഡീലുകളാണ് പുറത്തു വരുന്നതെന്നും എം വി ജയരാജന് പറഞ്ഞു. നിയമവിരുദ്ധ നിയമനങ്ങള്‍ നടത്തുകയും വിവാദമാകുമ്പോള്‍ അവര്‍ രാജിവയ്ക്കുകയും ചെയ്യുന്നുവെന്നും എം വി ജയരാജന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും നിയമിക്കപ്പെട്ടത് കോണ്‍ഗ്രസ് ബിജെപി ഡീലിന്റെ ഭാഗമാണെന്നും അദേഹം ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി യു ഷൈജുവിനെ നിയമിച്ചത് കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി ഡീലുകളുടെ ഭാഗമാണെന്നെും എം വി ജയരാജൻ പറഞ്ഞു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന മുദ്രാവാക്യം ക്യാമ്പസുകളിലും മറ്റ് ഇടങ്ങളിലും പോസ്റ്ററായി പതിച്ചത് എസ്ഐഒ എന്ന സംഘടനയാണെന്നും അതിനെ തുടര്‍ന്നാണ് ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് കായംകുളം എസ്എംഎസ് കോളേജിലെഎസ്ഐഒയുടെ പ്രവര്‍ത്തകനായിരുന്ന യു ഷൈജുവിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വി ഡി സതീശന് മുന്‍കൈ എടുത്താണെന്നും ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമി ഡീല്‍ നടന്നെന്നതിന്റെ സൂചനയാണെന്നും എം വി ജയരാജന് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ബന്ധു നിയമനത്തില്‍ പ്രതിസ്ഥാനത്താണെന്നും കെപിസിസിക്ക് ഇപ്പോള്‍ നാഥനില്ലെന്നും എം വി ജയരാജന് പരിഹസിച്ചു. കോണ്‍ഗ്രസ് ബിജെപി ഡീലിന്റെ ഭാഗമായി സംഘപരിവാറുകാരനെ പ്രസ് സെക്രട്ടറി ആക്കിയതില്‍ പ്രതിസ്ഥാനത്ത് ആണ് മുഖ്യമന്ത്രിയെന്നും എം വി ജയരാജന് ആരോപിച്ചു. ഇരുവര്ഗ്ഗീയ ശക്തികളുമായി കൂട്ടുകൃഷി നടത്തുന്നവരാണ് നാട് ഭരിക്കുന്നതെന്നും എം വി ജയരാജന് വിമര്‍ശിച്ചു. സ്വന്തക്കാരെ നിയമിക്കാന്‍ വേണ്ടി മാത്രമാണ് യുഡ്എഫ് ഭരണം നടത്തുന്നതെന്നും എം വി ജയരാജന് കുറ്റപ്പെടുത്തി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റത്തിലും എം വി ജയരാജന് പ്രതികരിച്ചു. നിപ്പ പോലുള്ള രോഗം പിടിമുറുക്കുന്ന സമയത്ത് ഡോക്ടര്‍മാരെയും നഴ്സുമാരെയും മാറ്റുന്ന നടപടി ശരിയല്ലെന്നും അത് പ്രതിഷേധാര്‍ഹമാണെന്നും അദേഹം പറഞ്ഞു. ഇല്ലാത്ത തസ്തികയില്‍ നിയമനം നടത്തിയാണ് ഡോക്ടര്‍മാരെ മാറ്റിയിരിക്കുന്നതെന്നും എകോപനം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അത്തരത്തിലുള്ള ചുമതല കൊടുക്കാമായിരുന്നുവെന്നും രോഗികളെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും എം വി ജയരാജന് പറഞ്ഞു.
പിഎം ശ്രീ പദ്ധതി നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും എം വി ജയരാജന് പ്രതികരിച്ചു. ഇന്നത്തെ മന്ത്രിസഭയിലെ അംഗമായ കെ എം ഷാജിയായിരുന്നു നേരത്തെ പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പി എം ശ്രീ സ്വന്തം വീട്ടില്‍ എത്തിയിരിക്കുകയാണെന്നും എം വി ജയരാജന് പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ പാഠ്യപദ്ധതികള്‍ കാവിവത്കരിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോളാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതെന്നും അതിലൂടെ പാഠഭാഗങ്ങള്‍ മാറ്റിയതെന്നും എം വി ജയരാജന് ചൂണ്ടിക്കാണിച്ചു. പി എം ശ്രീ നടപ്പാക്കും എന്ന് പറയുന്നവര്‍ കേരളത്തില്‍ രാജസ്ഥാന് നടപ്പാക്കും എന്നാണോ പറയുന്നതെന്നും വി ജയരാജന് ചോദിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന് പറഞ്ഞിരുന്നു.
Content Highlights: Not just the appointment of relatives as ministers personal staff, but also a Congress–BJP deal: MV Jayarajan