സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം; സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം

ഭരണത്തുടര്‍ച്ച ഉണ്ടാവാതിരിക്കാന്‍ സിപിഐയുടെ ഭാഗത്തുനിന്നും വീഴ്ച്ചകളുണ്ടായി എന്നും വിമർശനമുയർന്നു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. കൊല്ലം ജില്ലാ സെക്രട്ടറിയുള്‍പ്പെടെയാണ് ആവശ്യം ഉന്നയിച്ചത്. സെക്രട്ടറിയേറ്റ് കൊണ്ട് ഒരു പ്രയോജനവും പാര്‍ട്ടിക്കില്ലെന്നും സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും രണ്ട് അധികാര കേന്ദ്രങ്ങളാണെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സംസ്ഥാന കൗണ്‍സിലില്‍ അതിരൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. പദവിക്ക് ചേരാത്ത അപക്വമായ പ്രസ്താവനയാണ് ബിനോയ് വിശ്വം നടത്തുന്നത് എന്നാണ് വിമര്‍ശനം.

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിനോയ് വിശ്വത്തിനെതിരെയാണ് ഏറ്റവും അധികം വിമര്‍ശനമുണ്ടായത്. പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന 11 അംഗ ബോഡി രൂപീകരിച്ചത്. ആ സെക്രട്ടറിയേറ്റ് തന്നെ പിരിച്ചുവിടണം എന്നാണ് കൗണ്‍സിലില്‍ ഉയര്‍ന്ന ആവശ്യം. സെക്രട്ടറിയേറ്റ് കൊണ്ട് പാര്‍ട്ടിക്ക് ഒരു കാര്യവുമില്ല എന്നാണ് കൊല്ലം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ പറഞ്ഞത്. ഭരണത്തുടര്‍ച്ച ഉണ്ടാവാതിരിക്കാന്‍ സിപിഐയുടെ ഭാഗത്തുനിന്നും വീഴ്ച്ചകളുണ്ടായി എന്നും ഭരണവിരുദ്ധ വികാരം എന്നത് സിപിഐഎമ്മിനെതിരെ മാത്രമല്ല, സിപിഐ മന്ത്രിമാര്‍ക്കെതിരായ വികാരം കൂടിയാണെന്ന് മനസിലാക്കണമെന്നും അഭിപ്രായമുയര്‍ന്നു. നാളെയും സംസ്ഥാന കൗണ്‍സില്‍ തുടരും.

Content Highlights: Demand Raised to Dissolve CPI State Secretariat at State Council Meeting

To advertise here,contact us