തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും വിവാദത്തില്‍. ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്കി.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷൈജു യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു.
വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഷൈജു പ്രവർത്തിച്ചത്. അടിയന്തര നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഫ്സല് പ്ലാമൂട്ടില്‍ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ നിയമന വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവിന്റെ നിയമനത്തിൽ നിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ സ്ഥാനത്ത് നിന്ന് മാറുകയായിരുന്നു. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്നായിരുന്നു ബെന്നി തോമസ് രാജിയില്‍ പ്രതികരിച്ചത്. എന്നാല്‍ സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭര്‍ത്താവ് എന്നതല്ല പഴ്സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നുമായിരുന്നു സണ്ണി ജോസഫ് പ്രതികരിച്ചത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് കെ ബി പ്രദീപിനോട് സ്ഥാനം ഒഴിയാന്‍ മുഖ്യമന്ത്രി വി ഡി സതീശന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: controversy over the personal staff appointment of Higher Education Minister Roji M John