കൊച്ചി: സിഎംആർഎൽ-എസ്കാലോജിക് കേസിൽ വീണാ ടിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് 9 മണിക്കൂറാണ് വീണയുടെ ചോദ്യം ചെയ്യൽ നീണ്ടത്. ചോദ്യം ചെയ്യലിന് ശേഷം വീണ മടങ്ങി. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 10 മണിയോടെയാണ് വീണാ ടി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായത്. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പടെ വിശദാംശങ്ങള്‍ വീണയോട് ഇ ഡി ചോദിച്ചറിഞ്ഞു. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. സേവനം നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി കൈപ്പറ്റിയതെന്ന കണ്ടെത്തലില്‍ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ സംഘം ചോദിച്ചറിയും. കൈപ്പറ്റിയ പണം വിനിയോഗിച്ചതെങ്ങനെ?, സ്വത്തുക്കള്‍ വാങ്ങിയോ?, നിക്ഷേപങ്ങള്‍ നടത്തിയോ?, എംപവര്‍ ഇന്ത്യ സ്ഥാപനത്തില്‍ നിന്നും 50 ലക്ഷം വായ്പ എടുത്തത് ഏത് സാഹചര്യത്തിലാണ്?, എത്ര തുക തിരിച്ചടച്ചു? ഈ പണം എന്തിനുവേണ്ടി ഉപയോഗിച്ചു?, ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്?, ഇല്ലാത്ത സേവനത്തിന് വന്‍ തുക കൈപ്പറ്റിയെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ പ്രതികരണം, വന്‍ തുക ലഭിക്കാന്‍ സിഎംആര്‍എല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകള്‍ ഉണ്ട്, അബുദാബിയില്‍ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇ ഡി വീണയില്‍ നിന്ന് വിശദീകരണം തേടുമെന്നായിരുന്നു വിവരം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യങ്ങൾ ഉണ്ടാകുമെന്ന് വിവരമുണ്ടായിരുന്നു.
ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. ശശിധരന് കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍.
വീണയ്ക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയില്‍ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന് വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും സാവകാശം നല്‍കാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു.
Content Highlights: Veena T was questioned by the Enforcement Directorate (ED) for nearly nine hours in connection with the CMRL-Exalogic case. The interrogation has concluded as the investigation continues.