മുഖ്യമന്ത്രിയുടെ വാദം തെറ്റ്; PM ശ്രീ നടപ്പാക്കില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ച കത്ത് റിപ്പോർട്ടറിന്

പി എം ശ്രീ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് പിഎം ശ്രീ നടപ്പാനാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ച് കത്ത് അയച്ചിരുന്നു. മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് അയച്ച കത്ത് റിപ്പോര്‍ട്ടറിന് ലഭിച്ചു.

പി എം ശ്രീ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ആശങ്ക പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെന്നും സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാനാകില്ലെന്നും കത്തില്‍ പറയുന്നു. അതിനാല്‍ പി എം ശ്രീ നടപ്പാക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ തുടര്‍ നടപടികള്‍ ആലോചിക്കൂവെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുനെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

'കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണ്. 99 കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ് ഇതുമായി ബന്ധപ്പെട്ട ആശയപരമായ എതിര്‍പ്പ്. പദ്ധതികള്‍ നടപ്പിലാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നതാണ് മറ്റൊരു നിബന്ധന', മുഖ്യമന്ത്രി വിശദീകരിച്ചു.

Content Highlights: Political debate has intensified over the PM SHRI scheme after claims that the Chief Minister's remarks concerning the previous government's stance and communication with the Centre were inaccurate

To advertise here,contact us