തെരുവുനായ സ്‌കൂട്ടറിന് പിന്നാലെ ഓടി; നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്‌കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് സുഹ്‌റ താഴെ വീഴുകയായിരുന്നു

തൃശൂര്‍: തെരുവുനായ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര്‍ മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര്‍ സ്വദേശിനിയായ 75 വയസുകാരി സുഹ്‌റയാണ് മരിച്ചത്. മുറ്റിച്ചൂര്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്‌കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്‌റ. സ്‌കൂട്ടറിനടുത്തേക്ക് തെരുവുനായ്ക്കള്‍ ഓടിയെത്തുകയായിരുന്നു. നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്‌കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് സുഹ്‌റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്‌റയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, പാലക്കാട് ഷൊര്‍ണൂരില്‍ മൂന്നുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മലമ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. സ്ഥലം വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവിന് ഉള്‍പ്പെടെ തെരുവുനായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 11 മണിയോടെ ഷൊര്‍ണൂര്‍ മുതലിയാര്‍ തെരുവിലായിരുന്നു സംഭവം. ഷൊര്‍ണൂര്‍ സ്വദേശികളായ ശശികല, മണികണ്ഠന്‍, കൃഷ്ണരാജ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. പിന്നീട് ഈ നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

Content Highlights: A stray dog ​​chased after a scooter; an elderly woman fell from the scooter dies

To advertise here,contact us